13 January, 2024 06:18:48 PM
യുവാവിനെ പറ്റിച്ച് പണം തട്ടിയ കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം കോട്ടയത്ത് പിടിയിൽ
കോട്ടയം : യുവാവില്‍ നിന്നും പണം കബളിപ്പിച്ച് തട്ടിയ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ആലപ്പുഴ പവർഹൗസ് റോഡ്, പുരുഷോത്തമ ബിൽഡിംഗ്, മജു (53) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് 2008 ൽ കോട്ടയം സ്വദേശിയായ യുവാവിനോട് ബാങ്കിൽ നിന്നും ലോൺ തരപ്പെടുത്തിനൽകാമെന്നു പറഞ്ഞ് പണം വാങ്ങിയെടുക്കുകയും, പിന്നീട് ലോൺ ശരിയാക്കി നൽകാതെയും, പണം തിരികെ നൽകാതെയും യുവാവിനെ കബളിപ്പിക്കുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് കോട്ടയം ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാസ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍, വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ചേർത്തലയിൽ നിന്നുമാണ് പോലീസ് പിടികൂടുന്നത്. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ ദിലീപ് കുമാർ കെ, സി.പി.ഓ മാരായ പ്രതീഷ് രാജ്, രാജേഷ് ജോസഫ്, ജയൻ, രാകേഷ് എസ്.ജെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.