20 December, 2023 05:58:43 PM


പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം; കോട്ടയത്ത്‌ നാലു പരാതികൾ തീർപ്പാക്കി



കോട്ടയം: പ്രവാസി പരാതിപരിഹാര കമ്മിറ്റി യോഗം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. മുൻപു ലഭിച്ച എട്ടു പരാതികളിൽ മൂന്നെണ്ണവും പുതുതായി ലഭിച്ച രണ്ടെണ്ണത്തിൽ ഒരെണ്ണവും തീർപ്പാക്കി. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് നീലേശ്വരം തൈക്കടപ്രം സ്വദേശി നൽകിയ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ഇതിൽ നടപടി വിവരം അടിയന്തരമായി അറിയിക്കാൻ പൊലീസിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

മൂന്നു പരാതികളിൽ പരാതിക്കാർ ആവശ്യമായ രേഖകൾ നൽകാത്തതിനാൽ തുടർനടപടി സ്വീകരിക്കാനായില്ലെന്നും യോഗം വിലയിരുത്തി. വിദേശത്ത് ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള ശമ്പളം ലഭ്യമാക്കുന്നതിനായി വാകത്താനം പൊങ്ങന്താനം സ്വദേശി നൽകിയ പരാതി ഇന്ത്യൻ കോൺസുലേറ്റിന് കൈമാറി. കോൺസുലേറ്റിന്റെ മറുപടി ലഭ്യമായതായി നോർക്ക സെന്റർ മാനേജർ യോഗത്തെ അറിയിച്ചു.

കുടുംബപെൻഷൻ അനുവദിക്കുന്നതിനായി കറുകച്ചാൽ ചമ്പക്കര സ്വദേശിനി നൽകിയ അപേക്ഷയിൽ പെൻഷൻ അനുവദിച്ചതായും തുക ഉടൻ വിതരണം ചെയ്യുമെന്നും പ്രവാസി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കോട്ടയം നഗരസഭ വസ്തു കൈയേറി അനധികൃതമായി വഴി നിർമിച്ചെന്ന കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിയുടെ പരാതിയിൽ സ്ഥലത്തിന്റെ അതിർത്തി നിർണയിക്കുന്നതിനായി താലൂക്ക് സർവേയർക്ക് അപേക്ഷ നൽകുന്നതിന് അപേക്ഷകന് കത്തു നൽകി. അപേക്ഷകന്റെ സ്ഥലം റോഡിന്റെ ഭാഗമായി വന്നിട്ടുണ്ടെങ്കിൽ അതിർത്തി അളന്ന് നിർണയിച്ച് നഗരസഭ കൗൺസിലിനെ ബോധിപ്പിച്ച് അംഗീകാരം നേടി പരാതിക്കാരന് സ്ഥലം കൈവശപ്പെടുത്താവുന്നതാണെന്ന് നഗരസഭ സെക്രട്ടറി റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സമിതി അംഗങ്ങളായ കെ.ജി. അജിത്ത്, ഫാത്തിമ ഇബ്രാഹിം, എസ്. അനിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക സെന്റർ മാനേജർ കെ.ആർ. രജീഷ്, പ്രവാസി ക്ഷേമനിധി ഓഫീസ് പ്രതിനിധി കെ.ജെ. വിമി എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K