06 December, 2023 06:45:19 PM
വീട് മോടി പിടിപ്പിക്കാന്‍ 85 ലക്ഷം: കോട്ടയം ജില്ലാ കളക്ടര്‍ വിവാദചുഴിയില്‍
കോട്ടയം : കോട്ടയം ജില്ലാ കളക്ടറുടെ വസതി മോടിപിടിപ്പിക്കുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചത് വന്‍ വിവാദത്തില്‍. പൊതുമരാമത്ത് വകുപ്പിനെ മാറ്റിനിര്‍ത്തികൊണ്ട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനെയാണ് നിര്‍മ്മാണം ഏല്‍പ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാവ് മോടിപിടിപ്പിക്കാന്‍ തുക അനുവദിപ്പിച്ച് ഇപ്പോള്‍ വിവാദനായികയായിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്‍റെ ആസ്തിയില്‍ ഉള്‍പ്പെട്ടതും 65 വര്‍ഷത്തെ കാലപ്പഴക്കം ഉള്ളതുമായ ഹെറിറ്റേജ് ബില്‍ഡിംഗ് ആണ് മുട്ടമ്പലത്തുള്ള കളക്ടറുടെ ബംഗ്ലാവ്. വിഘ്നേശ്വരി കോട്ടയത്ത് ചാര്‍ജ് എടുത്ത പിന്നാലെ തന്നെ നിലവില്‍ യാതൊരു തകരാറുകളും ഇല്ലാത്ത ഈ വീട്ടില്‍ ആധുനികസൌകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ ഒട്ടേറെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമല്ലായെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതനുസരിച്ച് നിര്‍മ്മാണം നിര്‍മ്മിതിയെ ഏല്‍പ്പിക്കുകയാണുണ്ടായതെന്ന് കളക്ട്രേറ്റ് വൃത്തങ്ങള്‍ പറയുന്നു.
മുന്‍പ് ഇവിടെ താമസിച്ചിരുന്ന ജില്ലാ കളക്ടര്‍മാരുടെ ആവശ്യപ്രകാരം കൃത്യമായി അറ്റകുറ്റപണികള്‍ നടത്തി പരിപാലിച്ചുപോന്നിരുന്ന കെട്ടിടം കൂടിയാണ് ഇത്. സ്മാര്‍ട്ട് റവ്ന്യൂ ഓഫീസുകളുടെ നിര്‍മാണം, നവീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 85 ലക്ഷം രൂപ അനുവദിച്ചതും നിര്‍വഹണ ഏജന്‍സിയായി പൊതുമരാമത്ത് വകുപ്പിനെ തിരഞ്ഞെടുത്തതും. എന്നാല്‍ മരാമത്ത് വകുപ്പിനെ ഒഴിവാക്കി നിര്‍മ്മാണം നിര്‍മ്മിതിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.
ഭവനനിര്‍മ്മാണ വകുപ്പിന്‍റെ കീഴിലുള്ള ജില്ലാ നിര്‍മ്മിതികേന്ദ്രത്തിന്‍റെ ജില്ലാ അധ്യക്ഷ എന്ന നിലയ്ക്കു കൂടിയാണ് ഇവര്‍ പൊതുമരാമത്ത് വകുപ്പിനെ ഇതില്‍നിന്നും ഒഴിവാക്കിയത്. പൊതുമരാമത്ത് വകുപ്പിന്‍റെ ആസ്തിയിലുള്ള കെട്ടിടത്തിന്‍റെ നിര്‍മ്മാണം അവരുടെ അനുവാദമില്ലാതെ നിര്‍മിതിയെ ഏല്‍പ്പിച്ചത് തന്നെ ചര്‍ച്ചയായിരുന്നു. പൊതുമരാമത്ത് വകുപ്പ് പണികള്‍ ചെയ്യണമെങ്കില്‍ ഒട്ടനവധി നൂലാമാലകള്‍ ഉണ്ടെന്നും സമയം ധാരാളം എടുക്കുമെന്നുമാണ് കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തന്‍റെ വാസസ്ഥലം മോടിപിടിപ്പിക്കുന്നതിന് 85 ലക്ഷം ആവശ്യപ്പെട്ട കളക്ടര്‍ക്കു പുറമെ തുക അനുവദിച്ച ധനകാര്യവകുപ്പും വിവാദത്തിലായിരിക്കുകയാണ്. പണമില്ലാത്തതിനാല്‍ പെന്‍ഷനും ലൈഫ് മിഷന്‍ പദ്ധതിയും തുടങ്ങി എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ധൂര്‍ത്ത്. ലൈഫ് മിഷന്‍ പ്രകാരമുള്ള 21 ഭവനങ്ങളുടെ നിര്‍മ്മാണത്തിനുള്ള തുകയ്ക്ക് തുല്യമാണിതെന്നും ചൂണ്ടികാട്ടപ്പെടുന്നു.