02 December, 2023 05:51:59 PM


വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ക്ഷണിച്ചുകൊണ്ട് ഡബിൾ ഡക്കർ ഓടിത്തുടങ്ങി



കോട്ടയം: വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ക്ഷണിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് കോട്ടയം ജില്ലയിൽ യാത്ര തുടങ്ങി. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024നോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയിൽ ഡബിൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്ട്രേഷൻ യാത്ര ഒരുക്കിയത്.


ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച ഡബിൾ ഡെക്കർ ബസ് യാത്ര ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഫ്‌ളാഗ് ഓഫ് ചെയ്തു. പുഞ്ച സ്‌പെഷൽ ഓഫീസറും  സ്വീപ്പിന്റെ ജില്ലാ നോഡൽ ഓഫീസറുമായ അമൽ മഹേശ്വർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എം.എച്ച്. ഹരീഷ്, തെരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് കോഡിനേറ്റർ വിപിൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ സിറ്റി സർവീസ് ബസാണ് തെരഞ്ഞെുപ്പുപ്രക്രിയയുടെ പ്രചരണാർഥം കോട്ടയം ജില്ലയിലെത്തിച്ചത്. പ്രായവും വിലാസവും തെളിയിക്കുന്ന അസൽ രേഖകളും (ആധാർ കാർഡ്, പാസ്പോർട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയൽവാസിയുടെയോ വോട്ടർ കാർഡിന്റെ പകർപ്പുമായെത്തിയാൽ ബസിലെ കൗണ്ടറിൽ വോട്ടർ പട്ടികയിൽ പേരു ചേർത്തു രജിസ്ട്രേഷൻ നടത്താം. തുടർന്ന് ഡബിൾ ഡക്കറിൽ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം.


രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന സമ്മാനക്കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. ബസിൽ സൗജന്യയാത്രയ്ക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാനും നാളെയും അവസരമുണ്ടായിരിക്കും. സ്വീപ്പിന്റെ ഭാഗമായി നാളെ (ഡിസംബർ 3) പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പു വിഭാഗത്തിന്റെയും ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, കുമരകം, വൈക്കം ബീച്ച് എന്നിവിടങ്ങളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി മ്യൂസിക് ഷോ, ഫുഡ് സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വോട്ടർ എൻറോൾമെന്റിനു പ്രത്യേക സ്റ്റാളുകളും സജ്ജീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K