16 November, 2023 06:40:31 PM


അതിരമ്പുഴയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്; വീട്ടുമുറ്റസദസിൽ മന്ത്രിയുടെ ഉറപ്പ്



ഏറ്റുമാനൂർ : അതിരമ്പുഴ കേന്ദ്രീകരിച്ച് കെ.എസ്. ആർ.ടി.സി സർവീസ് ആരംഭിക്കുമെന്ന് മന്ത്രി വി. എൻ. വാസവൻ. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ബൈജു മാതിരമ്പുഴയുടെ വീട്ടിൽ ചേർന്ന വീട്ടുമുറ്റ സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  അതിരമ്പുഴ - എം. ജി. സർവകലാശാല - മാന്നാനം മേഖലയിലുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലായിരിക്കും ബസ് സർവീസ്.

അതിരമ്പുഴ പള്ളിപ്പെരുന്നാളിന് മുമ്പുതന്നെ അതിരമ്പുഴ ചന്ത നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പെണ്ണാർ തോട് ആഴം കൂട്ടി നവീകരിക്കണമെന്നും തോട്ടുവക്കത്തെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കുട്ടനാട് പാക്കേജിൽനിന്ന് ഒഴിവാക്കപ്പെട്ട അതിരമ്പുഴ മേഖലയെ വീണ്ടും ഉൾപ്പെടുത്തണമെന്ന പരാമർശവും യോഗത്തിലുയർന്നു.

മാന്നാനം പാലം പൊളിച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന തടസം നീക്കിയതായും 23 കോടി രൂപയുടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു. ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. കെ.എൻ. വേണുഗോപാൽ, പി.എൻ. സാബു, ജോസ് അരീക്കാട്ട്, ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K