13 November, 2023 04:28:12 PM
6.14 കോടിയുടെ നികുതി വെട്ടിപ്പ്: കോട്ടയത്തെ മൊബൈല്‍ ഷോപ്പ് ഉടമ അറസ്റ്റിൽ
കോട്ടയം : വന്‍തോതില്‍ നികുതി വെട്ടിച്ച മൊബൈല്‍ഫോൺ അനുബന്ധ സാമഗ്രികളുടെ വ്യാപാരി കോട്ടയത്ത് അറസ്റ്റില്‍. കോട്ടയം തിരുനക്കരയിലെ ലക്ഷ്മി മൊബൈല്‍സ് ഉടമയും കോട്ടയം തെക്കുംഗോപുരം സൌപര്‍ണികയില്‍ വാടകയ്ക്കു താമസിക്കുന്നയാളുമായ രാജസ്ഥാന്‍ സ്വദേശി ബദാ റാം (40) ആണ് അറസ്റ്റിലായത്. 6.14 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയത്.
കോട്ടയത്തെ സ്ഥാപനം കൂടാതെ തിരുവനന്തപുരത്ത് നാല് കടകളുള്ള ബദാറാം കുറെ നാളുകളായി ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ഇയാളുടെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 6.14 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ വെട്ടിപ്പ് കണ്ടെത്താനായി പരിശോധന തുടരുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളുടെ പാര്‍ട്സും അനുബന്ധസാമഗ്രികളും എത്തിച്ചുകൊടുക്കുന്നത് ബദാറാമാണ്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ നവംബര്‍ 27 വരെ റിമാന്‍ഡ് ചെയ്തു. ജിഎസ്ടി ഇന്റലിജൻസ് ആലപ്പുഴ സ്ക്വാഡ് ജോയിന്‍റ് കമ്മീഷണർ കിരൺ ലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഓഫീസര്‍മാരായ മഹേഷ് വെച്ചുവീട്ടില്‍, സീമ, ശ്രീകാന്ത്, രാജഗോപാല്‍, ബിജു തുടങ്ങിയവരും പങ്കെടുത്തു.