13 November, 2023 02:01:50 PM
പഠിക്കാന്‍ കുട്ടികളില്ല: ഏറ്റുമാനൂര്‍ നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ പ്രതിസന്ധിയില്‍
ഗേള്‍സ് ഹൈസ്കൂള്‍ മിക്സഡ് സ്കൂള്‍ ആക്കി മാറ്റുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്‍റെ പരിഗണനയില്‍
- ശ്രീലക്ഷ്മി എന്‍.എസ്.
ഏറ്റുമാനൂര്‍: ഒരുകാലത്ത് ഏറ്റുമാനൂരിന്‍റെ മുഖമുദ്രയായിരുന്ന രണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതനത്തിന്‍റെ വക്കില്‍. ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഗവ.ബോയ്സ് ഹൈസ്കൂളും അതിരമ്പുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഗേള്‍സ് ഹൈസ്കൂളുമാണ് വിദ്യാര്‍ഥികളുടെ അഭാവത്താല്‍ വന്‍പ്രതിസന്ധി നേരിടുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനുള്ള അടിയന്തിരനടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന ആവശ്യം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 22 വിദ്യാർത്ഥികളാണ് ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്നത്. നോൺ ടീച്ചിംഗ് സ്റ്റാഫ് ഉൾപ്പെടെ 15 ജോലിക്കാരും ഉണ്ട്. ഇവിടെ തന്നെ വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗേള്‍സ് ഹൈസ്കൂളില്‍ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലായി 47 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പത്താം തരം വരെ മാത്രമുള്ള ഇവിടെ എല്ലാ ക്ലാസുകള്‍ക്കും ഓരോ ഡിവിഷനാണുള്ളത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ അഞ്ചാം ക്ലാസിലാണ്. ഏക ഡിവിഷനിലുള്ളത് മൂന്ന് കുട്ടികള്‍ മാത്രം. എട്ട് അധ്യാപകരും നാല് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.
ഗേള്‍സ് സ്കൂളില്‍ 136 വര്‍ഷം വരെ പഴക്കമുള്ള മൂന്ന് കെട്ടിടങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്. മുന്‍ എംഎല്‍എ അഡ്വ.കെ.സുരേഷ്കുറുപ്പിന്‍റെ ഫണ്ടില്‍നിന്നും നാല് വര്‍ഷങ്ങളിലായി അനുവദിച്ച 4.25 കോടി രൂപാ മുടക്കില്‍ പണിയുന്ന പുതിയ മന്ദിരത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബര്‍ അവസാനമോ ജനുവരിയിലോ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടക്കും. ഇതോടെ തീരെ പഴകിയ ഒരു കെട്ടിടം പൊളിച്ചു മാറ്റി മൈതാനം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. നിലവില്‍ സ്കൂളില്‍ നല്ലൊരു മൈതാനമില്ല.
ആറ് ക്ലാസ്മുറികളും രണ്ട് ലബോറട്ടറികളും ലാബ് ടെക്നീഷ്യന്‍സിനുള്ള മുറിയും ഒരു സ്റ്റാഫ് റൂമും ടോയ്ലറ്റ് കോംപ്ലക്സുമാണ് പുതിയ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ സജജീകരിക്കുന്നത്. ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് റൂമും ഒരു ലാബും ഒരു സ്റ്റാഫ് റൂമും ഒരു ടോയ്ലറ്റ് കോംപ്ലക്സുമാണുള്ളത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണചുമതല. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി ഓഡിറ്റോറിയം നിലനിര്‍ത്തും. ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനുശേഷം പഴയ രണ്ട് കെട്ടിടങ്ങള്‍ നവീകരിക്കാനാണ് അധ്യാപകരും രക്ഷിതാക്കളും ആലോചിക്കുന്നത്.
ഇതിനിടെ ഗവ ബോയ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മിനി സിവില്‍ സ്റ്റേഷന് വേണ്ടി വിട്ടുകൊടുത്ത് കൊണ്ട് ഇരു സ്കൂളുകളും ഗേള്‍സ് ഹൈസ്കൂളിലേക്ക് മാറ്റി മിക്സഡ് സ്കൂള്‍ ആക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാലിതിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ബോയ്സ് ഹൈസ്കൂളിന്‍റെ ഭാഗമായ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ തന്നെ ഒരു കാരണം. ഹൈസ്കൂള്‍ മാത്രം മാറ്റി പതിനൊന്നും പന്ത്രണ്ടും ക്ലാസുകള്‍ മാത്രമായി ഇവിടെ നിലനിര്‍ത്താനാവില്ല. പത്ത് വരെ ക്ലാസുകള്‍ ഉള്ള സ്കൂളുകളില്‍ അതിനോടനുബന്ധിച്ചാണ് ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നത്. മാത്രമല്ല, ബോയ്സ് ഹൈസ്കൂളിന് സ്ഥലം വിട്ടുകൊടുത്ത സ്വകാര്യവ്യക്തി വിദ്യാഭ്യാസകാര്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഇത് ഉപയോഗിക്കാന്‍ പറ്റാത്ത വിധമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരിക്കുന്നതെന്നും പറയപ്പെടുന്നു.
അതേസമയം ഗേള്‍സ് ഹൈസ്കൂള്‍ മിക്സഡ് സ്കൂള്‍ ആക്കി മാറ്റുന്നതിനുള്ള പ്രൊപ്പോസല്‍ നേരത്തെ തന്നെ സര്‍ക്കാരിന് പോയിട്ടുണ്ട്. ഇത് സാധ്യമായാല്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള പദ്ധതികളും ആലോചനയിലുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാകും വിധത്തില്‍ വളരെ വ്യത്യസ്തങ്ങളായ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് സ്കൂള്‍ ഉയര്‍ത്താനാണ് ആലോചന നടക്കുന്നത്.
കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അയക്കാന്‍ മടിക്കുന്നത് സ്കൂളുകളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടികാട്ടുന്നു. എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഉള്ളതുപോലുള്ള മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കിയാല്‍ ഈ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന് തന്നെയാണ് അധ്യാപകരുള്‍പ്പെടെ പറയുന്നത്. സ്കൂള്‍ സമയം കഴിഞ്ഞാല്‍ ബോയ്സ് ഹൈസ്കൂള്‍ കോമ്പൌണ്ട് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നു. ലഹരിമരുന്ന് സംഘങ്ങളും യാചകരും എല്ലാം കൂട്ടമായി ഇവിടെയുള്ള കെട്ടിടങ്ങളില്‍ തമ്പടിക്കുന്നു. പുറത്തുനിന്നുള്ളവര്‍ സ്കൂള്‍ കോമ്പൌണ്ടിലേക്ക് ഒരുവിധത്തിലും കടക്കുന്നില്ല എന്നുറപ്പാക്കണം. ഒപ്പം സ്കൂളിലെ വിദ്യാഭ്യാസ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് നഗരസഭയും വിദ്യാഭ്യാസവകുപ്പും നാട്ടുകാരും കൈകോര്‍ക്കേണ്ടതുണ്ട്.
ചിത്രം - ഏറ്റുമാനൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന പുതിയ മന്ദിരം