13 November, 2023 10:53:05 AM
മദ്യം നൽകിയില്ല; വിശാഖപട്ടണത്ത് യുവാവ് മദ്യഷോപ്പ് പെട്രോളൊഴിച്ച് തീയിട്ടു
വിശാഖപട്ടണം: മദ്യം നൽകാത്തതിന് വിശാഖപട്ടണത്ത് യുവാവ് മദ്യ ഷോപ്പിന് തീയിട്ടു. ഷോപ്പ് അടയ്ക്കുന്ന സമയത്താണ് മധു എന്നയാൾ വന്നതും മദ്യം ആവശ്യപ്പെട്ടതും. ഷോപ്പ് അടയ്ക്കുകയായിരുന്നതിനാൽ ഇനി മദ്യം നൽകാൻ പറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞു. മദുരവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മദ്യം ലഭിക്കില്ലെന്നറിഞ്ഞതോടെ കുപിതനായ മധു, ജീവനക്കാരോട് തട്ടിക്കയറി. ജീവനക്കാർ താക്കീത് നൽകിയതോടെ ഇയാൾ ഷോപ്പിൽ നിന്ന് മടങ്ങിപ്പോയി. എന്നാൽ ഇന്നലെ വൈകീട്ടോടെ ഷോപ്പിലേക്ക് മടങ്ങിയെത്തിയ മധു കൈയിൽ കരുതിയ പെട്രോൾ ഷോപ്പിനുള്ളിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ശരീരത്തിലേക്കും ഇയാൾ പെട്രോളൊഴിച്ചു.
ജീവനക്കാർ ഷോപ്പിൽ നിന്നിറങ്ങി ഉടൻ ഓടിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഒന്നര ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് അഗ്നിക്കിരയായത്. ഒരു കംപ്യൂട്ടറും പ്രിന്ററുമടക്കം കത്തി നശിച്ചുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 307, 436 വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.