09 November, 2023 02:11:36 PM
മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം കല്ലറയിൽ നിക്ഷേപിക്കും
കോട്ടയം: പരാതിക്കും പ്രതിഷേധത്തിനും പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തില്‍ ഒത്തുതീര്‍പ്പായി. കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമായിരുന്നു ബന്ധുക്കൾക്ക് നൽകിയത്.
മോർച്ചറിയിൽ അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. വിശദീകരണം തേടിയപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയ്‌ക്കെതിരെയാണ് പരാതി.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശോശാമ്മ ജോൺ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായി മൃതദേഹം ഈ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ആശുപത്രി അധികൃതർ നൽകിയ മൃതദേഹം ശോശാമ്മയുടെതല്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമാണ് മോർച്ചറിയിലുണ്ടായിരുന്നത്. അന്വേഷിച്ചപ്പോൾ കമലാക്ഷിയ്ക്കു പകരം ചിറക്കടവ് സ്വദേശികൾക്ക് ശോശാമ്മയുടെ മൃതദേഹം മാറി നൽകിയെന്നും അവർ സംസ്കരിച്ചുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കൾ ബഹളം വച്ചു.
പൊലീസെത്തി പ്രശ്ന പരിഹാര ചർച്ചകൾ നടത്തി. വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെൻ്റ് മാപ്പു പറഞ്ഞു. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്ന് ഭസ്മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മക്കൾ സമ്മതിച്ചു. കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി ചിറക്കടവിലേക്ക് കൊണ്ടുപോയി.