09 November, 2023 08:59:55 AM
ചെയ്യാത്ത പണിക്ക് കരാറുകാരന് ലക്ഷങ്ങൾ ; 'വെള്ളമിറങ്ങാതെ' നാട്ടുകാർ
കോട്ടയം : നിർമാണം എങ്ങുമെത്താത്ത കുടിവെള്ള പദ്ധതിക്ക് കരാറുകാരന് വെറുതെ ലഭിച്ചത് ലക്ഷങ്ങൾ. ഗുണഭോക്താക്കളായ പ്രദേശവാസികൾക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിറ്റു വെള്ളം പോലും ലഭിച്ചിട്ടുമില്ല. മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പട്ടികവർഗക്കാർക്കായി 2018ൽ നിർമാണം ആരംഭിച്ച വാളകം ഇരുമാപ്ര കുടിവെള്ള പദ്ധതിയിലാണ് വൻ അഴിമതി കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ട്രൈബൽ പ്രൊജക്റ്റ് ഓഫീസിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് മേലുകാവ് സെക്ഷൻ ഓഫീസിന്‍റെ കീഴിലായിരുന്നു നിർമാണം നടന്നത്. 2019 മാർച്ചിൽ എല്ലാ പണികളും പൂർത്തിയായതായി കാട്ടി ധന വിനിയോഗ ബിൽ മൂന്നിലവ് പഞ്ചായത്ത് സെക്രട്ടറി കാഞ്ഞിരപ്പള്ളി ഐ ടി ടി പി പ്രൊജക്റ്റ് ഓഫീസർക്ക് നൽകി. അതിന്‍റെ ഫലമായി കരാറുകാരന് 20 ലക്ഷം രൂപ നൽകി.
എന്നാൽ ഇന്നലെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഞെട്ടിക്കുന്നതായിരുന്നു. ഈ പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് മാത്രമല്ല ഇതിനായി എത്തിച്ച ടാങ്കുകൾ ഉൾപ്പെടെ പൊട്ടിപൊളിഞ്ഞു ഉപയോഗ ശൂന്യമായി കിടക്കുകയുമാണ്. പണി പൂർത്തിയാകാത്തതിനാൽ പദ്ധതി കമ്മിഷൻ ചെയ്യാനും കഴിഞ്ഞിട്ടില്ല.
60 കുടുംബങ്ങൾ ഉള്ള പട്ടിക വർഗ ആദിവാസി ഊരിലേക്ക് വേണ്ടിയുള്ള പദ്ധതി ആയിരുന്നു ഇത്. ഇന്നേവരെ ഒരാൾക്ക് പോലും ഒരു ഗ്ലാസ് വെള്ളം എങ്കിലും എത്തിക്കാതെയാണ് ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് അടിച്ചുമാറ്റിയത്.