09 November, 2023 08:48:38 AM
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡിലെ കോൺക്രീറ്റ് മിശ്രിതം മോഷണം പോയി
ജെഹാനാബാദ്: നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡിലെ കോൺക്രീറ്റ് മിശ്രിതം മോഷണം പോയി. ബീഹാറിലാണ് സംഭവം. റോഡ് നിര്‍മാണത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് ഗ്രാമവാസികള്‍ എടുത്തുകൊണ്ട് പോയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബീഹാറിലെ ജെഹാനാബാദ്ദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പ് തന്നെ ഗ്രാമവാസികള്‍ കോരിയെടുത്ത് വലിയ കുട്ടയിലും വിവിധ പാത്രങ്ങളിലുമായി കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. കൂടാതെ റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ വീടുകളിലേയ്‌ക്ക് കൊണ്ടുപോയി. വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നാട്ടുകാര്‍ക്കെതിരെ ഉയരുന്നത്.