08 November, 2023 12:53:07 PM


ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നു; ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ



ന്യൂഡൽഹി: നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകി കേരള സർക്കാർ. ഗവർണർക്കെതിരേ പ്രത്യേക അനുമതി ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. ഗവർണറെ കക്ഷിചേർക്കണമെന്നാണ് ആവശ്യം.

സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളിൽ ഒപ്പിടാത്തതുവഴി ഗവർണർ ജനങ്ങളോടും നിയമസഭാ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സർക്കാർ ഹർജിയിൽ പറയുന്നു.

നേരത്തെ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു . നിലവിൽ നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിടാതെ വൈകിക്കുന്നത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകിപ്പിക്കുന്ന നടപടി ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. വ്യക്തിപരമായ താല്‍പര്യത്തിന് അനുസരിച്ചാണ് ഗവര്‍ണ്ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നത്. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും പ്രത്യേക അനുമതി ഹര്‍ജിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K