08 November, 2023 12:36:55 PM


സ്പര്‍ശനം ബലാത്സംഗമായി കണക്കാക്കാനാവില്ല; പോക്‌സോ കേസില്‍ ഡല്‍ഹി ഹൈക്കോടതി



ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് അമിത് ബൻസാൽ അടങ്ങുന്ന സിംഗിൾ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

2016 ൽ തന്‍റെ സഹോദരന്‍റെ ട്യൂഷൻ വിദ്യാർഥിനിയായ ആറു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് കീഴ്‌ക്കോടതി പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2020ല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

പോക്സോ നിയമത്തിന്‍റെ സെക്ഷൻ 3(സി) പ്രകാരം, ബലാത്കാരത്തിന്‍റെ നിർവചനത്തിൽ ഉൾപ്പെടുന്ന വിധത്തിൽ, ബലമായി ലൈംഗിക വേഴ്ച നടത്താൻ ഉദ്ദേശിച്ചുള്ള സമ്മർദം കുട്ടിയുടെ ശരീരത്തിന്‍റെ ഒരു ഭാഗത്തും നടത്തിയതായി തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ബലാത്സംഗമായി കണക്കാക്കാനും കഴിയില്ല- ജസ്റ്റിസ് ബൻസൽ വ്യക്തമാക്കി.

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന നിയമമായ പോക്‌സോ ആക്ട് സെക്ഷന്‍ 7 പ്രകാരം 'കേവലമായ ഒരു സ്പര്‍ശനത്തെ' മനഃപൂര്‍വമുള്ള പീഡനമായി കാണാന്‍ കഴിയില്ല. രഹസ്യ ഭാഗത്തെ സ്പര്‍ശനം കുറ്റകരമാണ്. എന്നാല്‍, അതിനെ ബലാത്സംഗം എന്ന രീതിയില്‍ പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കൂടാതെ, പ്രതി ലൈംഗികാതിക്രമം നടത്തിയതിനു ഹാജരാക്കിയ തെളിവുകളില്‍ നിരവധി ആശയക്കുഴപ്പങ്ങളുണ്ടെന്നും, പെണ്‍കുട്ടിയുടെ മൊഴിയിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കോടതി കണ്ടെത്തി. എന്നിരുന്നാലും, 12 വയസിനു താഴെയുള്ള കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തുമ്പോൾ പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരം "ഗുരുതരമായ ലൈംഗികാതിക്രമം" ആയി മാറുന്നു. അതിനാൽ, പ്രതിയെ 5 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചുകൊണ്ട് ബെഞ്ച് വിചാരണക്കോടതി വിധി ഇളവ് ചെയ്തു. 2016 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ഇതോടെ മോചിതനാകാൻ സാധ്യത തെളിഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K