07 November, 2023 07:32:10 PM
ചികിത്സാ സംവിധാനങ്ങളില്‍ മികച്ച മാതൃകയാണ് കോട്ടയം മെഡിക്കൽ കോളജ്- വീണാ ജോർജ്ജ്
കോട്ടയം: പ്രതിബദ്ധതയോടെയുള്ള സേവനത്തിനും രോഗീപരിചരണത്തിലും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാസംവിധാനങ്ങളിലും മികച്ച മാതൃകയാണ് കോട്ടയം മെഡിക്കൽ കോളജെന്ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. മെഡക്‌സ് 2023 പ്രദർശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജുകളിലൊന്നാണ് കോട്ടയം.
ആരോഗ്യം എന്നുള്ളത് രോഗചികിത്സ മാത്രമല്ല വ്യക്തിയുടെ ആരോഗ്യ സംരക്ഷണം കൂടിയാണെന്നും മന്ത്രി പറഞ്ഞു.എട്ടാം തവണയാണ് മെഡക്‌സ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായ വിദ്യാർഥികളെയും മെഡിക്കൽ കോളജ് അധികൃതരെയും മന്ത്രി അഭിനന്ദിച്ചു.
മെഡിക്കൽ കോളജും സ്റ്റുഡൻസ് യൂണിയനും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തെ ആധുനികവും പുരാതനവുമായ കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസിലാകുന്ന വിധത്തിലാണ് പ്രദർശനം. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി 31 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒൻപതു മുതൽ രാത്രി ഏഴു വരെയാണ് ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുക. രാത്രി ഒമ്പതിന് സ്റ്റാളുകൾ അടയ്ക്കും. മുതിർന്നവർക്ക് 130 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു വയസിൽ താഴെയുള്ളവർക്ക് ഫീസില്ല. കോളജ് വിദ്യാർഥികൾക്ക് 100 രൂപയാണ് ഫീസ്. 26 വരെയാണ് പ്രദർശനം.
തോമസ് ചാഴികാടൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഓർത്തോ വിഭാഗം മേധാവി ടി.ജി. തോമസ്, വിദ്യാർഥി യൂണിയൻ പ്രതിനിധി ആശിഷ് ജോർജ്, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.