05 November, 2023 09:55:32 PM


ഞീഴൂർ പൂവക്കോടിലെ കുന്നിടിച്ച് മണ്ണെടുപ്പ് : കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു



കടുത്തുരുത്തി : വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന തരത്തിൽ ഞീഴൂർ പഞ്ചായത്തിലെ പൂവക്കോടിലെ വെള്ളാമ്പാറ മല ഇടിച്ച് മണ്ണെടുപ്പ് നടത്തുന്നതിൽ ജിയോളജിസ്റ്റിനോട് കോട്ടയം ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നവരാണ്.

സാധാരണ മണ്ണ് നിറഞ്ഞ ഈ കുന്ന് വാട്ടർ റീചാർജിംഗ് സൈറ്റായി നിലകൊള്ളുന്നതും ഭൂഗർഭ ജലസ്രോതസായി വർത്തിക്കുന്നതുമാണ്. കുന്നിന് താഴ്ഭാഗത്തെ കിണറ്റിൽ തറനിരപ്പിൽ നിന്നും 5 മീറ്റർ ആഴത്തിലാണ് ജലനിരപ്പ് ഉള്ളത്. മണ്ണ് ഖനനം ചെയ്ത് നീക്കിയാൽ ഈ പ്രദേശത്തിൻ്റെ ആകെ ഭൂഗർഭ ജലത്തിൻ്റെ സംതുലിതാവസ്ഥയെ ബാധിക്കുമെന്നും പുനർനിർമ്മിക്കുവാൻ സാധിക്കാത്ത വിധം ജലസ്രോതസ് നശിപ്പിക്കപ്പെട്ട് വലിയ ജലക്ഷാമത്തിന് ഇടയാക്കുമെന്നും ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വിശദീകരണം തേടിയത്.

കഴിഞ്ഞ ഒക്ടോബർ 30 മുതൽ നവംബർ 22 വരെയാണ് മണ്ണെടുക്കുവാനുള്ള അനുമതി ജിയോളജിയിൽ നിന്നും നൽകിയിട്ടുള്ളത്. 10 ടൺ മണ്ണ് കയറ്റാവുന്ന ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനായി 1702 പാസുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ 30 ടൺ മണ്ണ് കയറ്റാവുന്ന ടോറസ് ലോറികളിലാണ് മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതും അളവിൽ കൂടുതൽ മണ്ണ് ഇവിടെ നിന്നും കടത്തുവാനുള്ള തന്ത്രവുമാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ട് സ്ക്കൂൾ സമയം ടോറസ് ലോറികളിൽ മണ്ണെടുത്തുകൊണ്ട് പോയിരുന്നു.

ടോറസ് ടിപ്പറുകൾ ഓടി പഞ്ചായത്ത് റോഡ് തകർന്നതും രൂക്ഷമായ പൊടിശല്യവും മൂലം വാർഡ് മെമ്പർ ഷൈനി സ്റ്റീഫൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ലോറികൾ തടഞ്ഞു. പോലീസെത്തി മണ്ണെടുപ്പ് സംഘങ്ങളുമായി ചർച്ച നടത്തി റോഡ് നനച്ച് പൊടി ശല്യം ഒഴിവാക്കാമെന്ന് ധാരണ എത്തിയപ്പോഴാണ് മണ്ണുമായി ലോറികൾ പോകാൻ അനുവദിച്ചത്. 25 ഏക്കറോളം വരുന്ന വെള്ളാമ്പാറ മലയുടെ മദ്ധ്യഭാഗം 5 ഏക്കറോളം നീണ്ടൂർ സ്വദേശി 2010 ലാണ് വാങ്ങിയത്. അന്ന് മുതൽ ഇദ്ദേഹവും മണ്ണ് മാഫിയാസംഘങ്ങളും മണ്ണെടുത്തു നീക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. തുടർന്ന് മണ്ണ്മാഫിയ സംഘങ്ങൾ ഒന്നിച്ചു നിന്നു കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പണം നൽകി മണ്ണെടുക്കുന്നതിനുള്ള അനുമതി നേടിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

വലിയ പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കുന്ന മണ്ണെടുപ്പിന് പാഞ്ചായത്ത് അനുമതി കൊടുത്തതിൽ കളക്ടർ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ പി.സി.രാജേഷിൻ്റെ പരാതിയിലാണ് കളക്ടർ ജിയോളജിസ്റ്റിനോട് റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K