30 October, 2023 02:08:34 AM
ആന്ധ്രയിൽ ട്രയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറി ആറു മരണം; 18 പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയില്‍ രാത്രി 7.30ഓടെയാണ് അപകടം നടന്നത്. സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.
വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചു.
സമീപ ജില്ലകളില്‍നിന്ന് പരമാവധി ആംബുലൻസുകള്‍ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാസങ്ങള്‍ക്ക് മുമ്ബ് ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 280 പേര്‍ കൊല്ലപ്പെട്ടിരുന്നു, ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്ബാണ് വീണ്ടും അപകടം.