20 October, 2023 07:47:34 PM
തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്; പദ്ധതി പൊളിച്ച് എക്സൈസ്
കോട്ടയം: തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വൻ ചാരായ വാറ്റ്. രാത്രിയുടെ മറവിൽ സംഘം ചേർന്ന് ചാരായം വാറ്റി വന്ന സംഘത്തെ കോട്ടയം എക്സൈസ് സംഘം പിടികൂടി. തെള്ളകം പാറത്തടത്തിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ഹരിപ്രസാദിന്‍റെ വീടാണ് ചാരായം വാറ്റ് കേന്ദ്രമാക്കിക്കൊണ്ടിരുന്നത്. എക്സൈസ് സംഘത്തെ കണ്ടതോടെ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 1.30 ഓടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 3 ലിറ്റർ ചാരായം, 75 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവയും പിടികൂടി. ഇവിടെ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥർ നായ്ക്കളെ വരുതിയിലാക്കുകയായിരുന്നു. ഈ സമയം വാറ്റ് നടത്തിക്കൊണ്ടിരുന്ന ഹരിപ്രസാദ് പ്രിവൻ്റീവ് ഓഫീസർ അനു വി.ഗോപിനാഥിനെ തള്ളി വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. മൽപിടുത്തത്തിലും, ഓടി രക്ഷപെട്ട വീട്ടുടമയെ പിൻതുടർന്നതിനിടയിലും പരിക്കേറ്റ പ്രിവൻ്റീവ് ഓഫീസർ അനു വി.ഗോപിനാഥ് വൈദ്യസഹായം തേടി.
കോട്ടയം തെള്ളകം പാറത്തടത്തിൽ ബിജു വിനീത് (26), വൈക്കം ഉദയനാപുരം വെട്ടുവഴിയിൽ കണ്ണൻ (32), തെള്ളകം മാമ്പറമ്പിൽ വീട്ടിൽ അമൽ എം. എസ്., എന്നിവരെയും സംഘം പിടികൂടി.
കോട്ടയം ഇഇ & എഎന്‍എസ്എസ് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർമാരായ ബിനോദ് കെ.ആർ, അനു വി. ഗോപിനാഥ്, കോട്ടയം ഇഐ & ഐവി പ്രിവൻ്റീവ് ഓഫീസർ രഞ്ജിത് കെ നന്തികാട്ട്, എന്നിവരുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാംലെറ്റ്, രജിത്കൃഷ്ണ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി എന്നിവർ ചേർന്നാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്