17 October, 2023 07:13:50 PM
ടോൾ - ചെമ്മിനാകരി റോഡ് ടൂറിസം പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടും - മന്ത്രി റിയാസ്
കോട്ടയം: ടോൾ - ചെമ്മിനാകരി റോഡ് മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ടോൾ - ചെമ്മനാകരി റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ പ്രധാന്യമുള്ള പ്രദേശമെന്ന നിലയിൽ മറവൻതുരുത്തിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ ചെലവിട്ടാണ് റോഡിന്റെ നിർമാണം. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 4.5 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ സുരക്ഷയ്ക്കായി സംരക്ഷണ ഭിത്തിയും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ലീഡിംഗ് ഡ്രെയിനേജും നിർമിക്കും. കൂടാതെ റോഡ് സുരക്ഷാ മാർഗ്ഗങ്ങളായ സൈൻ ബോർഡ്, ലൈൻ മാർക്കിംഗ്, റോഡ് സ്റ്റഡുകൾ, ഗാർഡ് പോസ്റ്റുകൾ, റിഫ്ളക്ടിംഗ് ടൈലുകൾ, ഡിലിനീറ്റർ പോസ്റ്റ് എന്നിവയും സ്ഥാപിക്കും. കൂടാതെ 1.740 കിലോമീറ്റർ ദൂരത്തിൽ ഷ്രഡ്ഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബി.സി യും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈക്കത്തെ വിവിധ പ്രദേശങ്ങളെ ചെമ്മിനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്കും, ചെമ്മനാകരി ജെട്ടി എന്നിവിടങ്ങളിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
ടോൾ ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ സി.കെ ആശ എം.എൽ.എ അധ്യക്ഷയായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ കെ. ശെൽവരാജ്, സാബു പി. മണലൊടി, ജോയ് ചെറുപുഷ്പം, പി.അമ്മിണിക്കുട്ടൻ, കെ. രാജപ്പൻ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി. എഞ്ചിനീയർ ടി.എ നജുമുദ്ദിൻ എന്നിവർ പങ്കെടുത്തു.