13 October, 2023 07:20:47 PM
പേവിഷബാധ പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കി വെച്ചൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം: തെരുവുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കി വെച്ചൂർ ഗ്രാമപഞ്ചായത്ത്. മൂന്നുദിവസം കൊണ്ടാണ് കുത്തിവയ്പ് പൂർത്തീകരിച്ചത്. വിവിധ വാർഡുകളിലായി 155 നായകൾക്ക് കുത്തിവയപ് നൽകി. വളർത്തു നായകളെ എത്തിച്ച് കുത്തിവയപ് നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പഞ്ചായത്തിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പഞ്ചായത്ത് കമ്മിറ്റി അടിയന്തരതീരുമാനമെടുത്ത് പ്രതിരോധ കുത്തിവയ്പ് നടപടി പൂർത്തിയാക്കിയതെന്ന് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിൻസി ജോസഫ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മണിലാൽ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ദൗത്യത്തിൽ പങ്കാളികളായി. നായ പിടുത്തത്തിൽ വിദഗ്ധ പരിശീലനം നേടിയ ക്യാച്ചിങ് സ്റ്റാഫ് അനീഷിന്റെ നേതൃത്വത്തിലാണ് പേവിഷ പ്രതിരോധ കുത്തിവയ്പ് നടപടി പൂർത്തീകരിച്ചത്.