07 October, 2023 05:17:42 PM
എം.ജി സര്‍വകലാശാലയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ലക്സും; ധാരണാപത്രം 10ന് ഒപ്പുവയ്ക്കും
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മിക്കുന്നതിനുള്ള ധാരണാ പത്രം ഒക്ടോബര്‍ പത്തിന് ഒപ്പുവയ്ക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍നിന്ന് 57 കോടി രൂപ ചിലവിട്ടാണ് സര്‍വകലാശാലാ കാമ്പസിനു സമീപമുള്ള നിലവിലെ ഗ്രൗണ്ടില്‍ വിപുല സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയവും സ്പോര്‍ട്സ്കോംപ്ലക്സും നിര്‍മിക്കുന്നത്.
ഒരു സര്‍വകലാശാലയില്‍ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. മുന്‍കാല കായിക താരമായ സൂസന്‍ മേബിള്‍ തോമസിന്‍റെ പേരാണ് സ്റ്റേഡിയത്തിനും സ്പോര്‍ടസ് കോംപ്ലക്സിനും നല്‍കിയിരിക്കുന്നത്. സംസ്ഥാന സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയം സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുക.
രാവിലെ 9.30ന് സര്‍വകലാശാലയിലെ അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ധാരാണാ പത്രം ഏറ്റുവാങ്ങും.
മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ്കുമാറും സംസ്ഥാന സ്പോര്‍ടസ് യുവജനകാര്യ ഡയറക്ടര്‍ രാജീവ്കുമാര്‍ ചൗധരിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുക.
തോമസ് ചാഴികാടന്‍ എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യന്‍, ഗ്രാമപഞ്ചായത്തംഗം ജോഷി ഇലഞ്ഞിയില്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. ബിജു തോമസ്, ഡോ. എ. ജോസ്, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ബൈജു വര്‍ഗീസ്, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ പി.കെ. അനില്‍കുമാര്‍, സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
നിരവധി ദേശീയ, രാജ്യാന്തര കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെയും അഫിലിയേറ്റഡ് കോളജുകളുടെയും കായിക മേഖലയിലെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാന്‍ പുതിയ സ്റ്റേഡിയം കോംപ്ലക്സും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും സഹായകമാകുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. ബി. കേരളവര്‍മ, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് മേധാവി ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സൂസന്‍ മേബിള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍റ് സ്പോര്‍ടസ്കോംപ്ലക്സ് - വിശദാംശങ്ങള്‍
പത്തു ലൈനുകളിലായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട്, ഹൈജംപ്, പോള്‍ വോള്‍ട്ട് എന്നിവയ്ക്കുള്ള പിറ്റുകള്‍.സിന്തറ്റിക് ട്രാക്കിന് സുരക്ഷാ വേലി.
ഒന്‍പതു ലൈനുകളുള്ള ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂള്‍. ഇതോടനുബന്ധിച്ച് ചേഞ്ച് റൂമുകള്‍, ഷോവര്‍ ഏരിയ, ലോക്കര്‍ റൂം, റിസപ്ഷന്‍ കൗണ്ടര്‍, ഫില്‍ട്രേഷന്‍ പ്ലാന്‍റ്, സ്റ്റോര്‍ മുറികള്‍ ഡൈവിംഗ് ബോര്‍ഡുകള്‍ എന്നിവയുണ്ടാകും. രണ്ട് ലൈഫ് ഗാര്‍ഡുകളുടെയും രണ്ട് പരിശീലകരുടെയും സേവനും സ്വിമ്മിംഗ് പൂളിലുണ്ടാകും.
മള്‍ട്ടി പര്‍പ്പസ് ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയം. 45 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയത്തിന്‍റെ തറ തേക്കുതടികൊണ്ട് പാനല്‍ ചെയ്താണ് ഒരുക്കുക. രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, ഒരു ഹാന്‍ബോള്‍ കോര്‍ട്ട്, 8 ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍, ടേബിള്‍ ടെന്നീസ് അരീന, ലോക്കര്‍ മുറികള്‍, ചേഞ്ച് റൂമുകള്‍, ടോയ്ലറ്റുകള്‍, ബാത്ത് റൂമുകള്‍, രണ്ട് സ്റ്റോര്‍ മുറികള്‍, നാലു തട്ടുകളിലായി ഗാലറി എന്നിവയും ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉണ്ടാകും.
അക്കാദമിയ കോംപ്ലക്സ്: ക്ലാസ് മുറികള്‍-10, ഹ്യൂമന്‍ പെര്‍ഫോമന്‍സ് ലാബ്-3, ഐ.സി.ടി ലാബ്, സൈക്കോളജി ലാബ്, സ്പോര്‍ടസ് ഫിസിയോളജി ലാബ്, ലൈബ്രറി, പെര്‍ഫോമന്‍സ് അനാലിസിസ് ലാബ്, 250 ഇരിപ്പിടങ്ങളുള്ള സെമിനാര്‍ ഹാള്‍, ഡയറക്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, പരിശീലകര്‍, അധ്യാപകര്‍ക്കായി ക്യുബിക്കിള്‍ പാര്‍ട്ടീഷ്യനോടുകൂടിയ ഹാള്‍, 20 ഇരിപ്പിടങ്ങളുള്ള ബോര്‍ഡ് റൂം, റിസപ്ഷന്‍ ഏരിയ.
കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റല്‍: പുതിയ സ്പോര്‍ട്സ് കോംപ്ലക്സില്‍ പരിശീലനം നേടുന്ന സ്കൂള്‍ മുതല്‍ കോളജ് തലം വരെയുള്ള നൂറു വീതം പുരുഷ, വനിതാ അത്ലിറ്റുകളെ താമസിപ്പിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍, പുരുഷ വനിതാ താരങ്ങള്‍ക്കായി പ്രത്യേക ഡൈനിംഗ് റൂം, മോഡേണ്‍ കിച്ചണ്‍, പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം വാഷ് ഏരിയയും ബാത്ത് റൂമുകളും, പുരുഷ, വനിതാ പരിശീലകര്‍ക്കായി നാലു വീതം മുറികള്‍, പുരുഷ വനിതാ വാര്‍ഡന്‍മാര്‍ക്കായി ഒന്നുവീതം മുറികള്‍.
ഗ്രൗണ്ടിന്‍റെ തെക്കുഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സ്റ്റേഡിയത്തിനു ചുറ്റും മെഷ് ഫെന്‍സിംഗ് ക്രമീകരിക്കും.
വിവിധ കായിക ഇനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍. സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കുള്ള ഫര്‍ണീച്ചറുകള്‍, സ്റ്റോര്‍ മുറികളിലേക്കുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി തന്നെ ക്രമീകരിക്കും. ബാഡ്മിന്‍ണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍ തുടങ്ങിയവയ്ക്കായി സൗകര്യമനുസരിച്ച് നീക്കം ചെയ്യാവുന്ന പോസ്റ്റുകളായിരിക്കും ഒരുക്കുക.