03 October, 2023 08:10:24 PM


വൈക്കത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ



വൈക്കം:  തട്ടുകടയിൽ വച്ചുണ്ടായ തർക്കത്തിന്‍റെ പേരിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം   ഉല്ലല ഭാഗത്ത് കിഴക്കേത്തറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അഗ്രേഷ്(29), തലയാഴം ഉല്ലല കൂവം ഭാഗത്ത് അന്തനാട്ട് വീട്ടിൽ മമ്മൻ എന്ന് വിളിക്കുന്ന രഞ്ജിത്ത്(34), തലയാഴം ഉല്ലല ഭാഗത്ത് തെക്കേപുത്തൻതറ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ബിനോ (25), തലയാഴം തോട്ടകം ഭാഗത്ത് വാക്കേത്തറ വീട്ടിൽ അനന്ദു സന്തോഷ്  (26), ചേർത്തല വേളോർവട്ടം ഭാഗത്ത് വെളിയിൽ വീട്ടിൽ അനന്ദു വി.ജി (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ ഒന്നാം തീയതി രാത്രി 11 മണിയോടുകൂടി ഉല്ലല കാളീശ്വരം അമ്പലത്തിന് സമീപം വച്ച്  വൈക്കം സ്വദേശികളായ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ രാത്രി 9 മണിയോടുകൂടി ആലത്തൂർ ഭാഗത്തുള്ള തട്ടുകടയിൽ  ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയം ഭക്ഷണം കഴിക്കാൻ എത്തിയ ഇവർക്ക് സീറ്റ് കിട്ടിയില്ല എന്നതിനെ ചൊല്ലി ഇവരും യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനുശേഷം രാത്രി 11 മണിയോടെ ഉല്ലല കാളീശ്വര അമ്പലത്തിന് മുൻവശം വച്ച് വീണ്ടും യുവാക്കളെ കണ്ട ഇവർ  യുവാക്കളെ ആക്രമിക്കുകയും, അലുമിനിയം പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് യുവാക്കളിലോരാളെ ഇവർ വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയും,  മർദ്ദിച്ചതിനുശേഷം വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. 

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. 

അഗ്രേഷ് വൈക്കം സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. രഞ്ജിത്തിന് വൈക്കം സ്റ്റേഷനിൽ  ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ  സുരേഷ് എസ്.സത്യൻ, സി.പി.ഓ മാരായ ശിവദാസ പണിക്കർ, അജിത്ത് കെ.എ, ജോസ് മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K