30 September, 2023 05:51:27 PM


കോട്ടയത്ത് ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കണം- എം.എൽ.എ.മാർ



കോട്ടയം: ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അടിയന്തരമായി നടപടിയെടുക്കണമെന്ന് എം.എൽ.എമാർ. ആസൂത്രണസമിതി സെക്രട്ടറിയേറ്റിൽ നടന്ന ജില്ലാ ആസൂത്രണസമിതി യോഗത്തിലാണ് എം.എൽ.എ.മാർ ആവശ്യം ഉന്നയിച്ചത്. വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ.മാർ നടപടി ആവശ്യപ്പെട്ടത്. ജലജീവൻ മിഷൻ പദ്ധതി അവലോകനത്തിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി യോഗത്തെ അറിയിച്ചു.


കാഞ്ഞിരപ്പള്ളി മുക്കടയിലെ 868 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയവിതരണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി റവന്യൂ, വനം വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ.-എം.പി. ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. പല സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായ സ്ഥിതിയുണ്ട്. ചങ്ങനാശേരി-വാഴൂർ റോഡിൽ അപകടകരമായി റോഡ് വശങ്ങളിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കരിമ്പുകയം കുടിവെള്ളപദ്ധതിക്കായി സ്ഥലം വാങ്ങുന്നത് സംബന്ധിച്ച ചീഫ് വിപ്പിന്റെ ചോദ്യത്തിന് സ്ഥലം വാങ്ങുന്നതിനായുള്ള 90,09,848 രൂപ ലഭ്യമായതായും പദ്ധതി നടപടികൾ പുരോഗമിക്കുന്നതായും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അരുവിക്കുഴി ടൂറിസം പദ്ധതിക്കായി പഞ്ചായത്തിന്റെ പുറമ്പോക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചീഫ് വിപ്പ് ആരാഞ്ഞു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ സാഗി പദ്ധതിയിൽ പദ്ധതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മറുപടി നൽകി.

 കുടിവെള്ളക്ഷാമം രൂക്ഷമായ മണിമല വഞ്ചികപ്പാറയിൽ തിരുവല്ല പി.എച്ച്. ഡിവിഷനിൽ നിന്ന് ആഴ്ചയിൽ ഒരിക്കലെങ്കിലും കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളിൽ പലതിലും സീബ്രാലൈനുകൾ മാഞ്ഞുപോയിട്ടുണ്ട്. സ്‌കൂളുകൾക്ക് മുമ്പിലും ജംഗ്ഷനുകളിലും സീബ്രാലൈനുകൾ മാഞ്ഞുപോയിടത്ത് എത്രയും വേഗത്തിൽ വരയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്തം നവകേരളം പദ്ധതി വിജയിപ്പിക്കുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഏജൻസികളും കൂട്ടായി പ്രവർത്തിച്ചാലേ പദ്ധതി നടത്തിപ്പ് സുഗമമാകൂവെന്നും അദ്ദേഹം പറഞ്ഞു.  

മഴക്കാല സാഹചര്യം പരിഗണിച്ച് റോഡുകളുടെ ഓടകളുടെ ശുചീകരണം വേഗത്തിൽ നടപ്പാക്കണമെന്നും കോട്ടയം നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ദേശീയപാതയോട് ചേർന്നുള്ള പല റോഡുകളിലും പരിസരങ്ങളിലും നഗരത്തിലെ ഹോട്ടലുകളിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യമുൾപ്പെടെ തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശനനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗവിഭാഗം പ്രവർത്തനം നിലച്ചത് സംബന്ധിച്ചും അദ്ദേഹം ആരാഞ്ഞു. ഇവിടെ രജിസ്റ്റർ ചെയ്യുന്ന രോഗികളെ പാലായിലേക്കോ ചങ്ങനാശേരിയിലേക്കോ ആംബുലൻസിൽ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്ന നീക്കം ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. നേത്രരോഗവിഭാഗം വീണ്ടും പ്രവർത്തനമാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ മറുപടി നൽകി.

ചങ്ങനാശേരി ഗവൺമെന്റ് ആശുപത്രിയിൽ സ്ഥലം മാറിപ്പോയ ഡോക്ടർമാർക്ക് പകരം ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച്  ജോബ് മൈക്കിൾ എം.എൽ.എ. ആരാഞ്ഞു. പകരം ഡോക്ടർമാരെ നിയമിച്ചതായി ഡി.എം.ഒ. അറിയിച്ചു. ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഓപ്പറേറ്റർ ഇല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങിയ സ്ഥിതിയിലാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ. പറഞ്ഞു.

ശബരിമല സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികളും നിർമാണവും പൂർത്തീകരിക്കണം. വാഴപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ നിർമാണം വേഗത്തിലാക്കാനും എം.എൽ.എ. നിർദേശിച്ചു. ഫാത്തിമപുരത്ത് ശേഖരിച്ച് വച്ചിരിക്കുന്ന അജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് ഒക്ടോബർ രണ്ടിനകം മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യാൻ നിർദേശം നൽകിയതായി എ.ഡി.സി. ജനറൽ അറിയിച്ചു.

ജലജീവൻപദ്ധതിക്കായി കുഴിച്ച റോഡുകൾ വളരെ ശോചനീയാവസ്ഥയിലാണെന്നും റോഡുനിർമാണം അടിയന്തരമായി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. നിരവധി കായിക മത്സരങ്ങൾ നടത്തുന്ന ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കായ പാലാ സിന്തറ്റിക് ട്രാക്ക് പൊട്ടിപൊളിഞ്ഞ് ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയാണെന്നും വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി എം.പി.യുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം പറഞ്ഞു.

യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽ കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, വകുപ്പു മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K