30 September, 2023 05:39:00 PM
മാലിന്യമുക്തം നവകേരളം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജനകീയമായി നടപ്പാക്കണം- വി.എൻ. വാസവൻ
കോട്ടയം: നാടുംവീടും മാലിന്യമുക്തമായും വൃത്തിയായും സൂക്ഷിക്കുന്നതിന് സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിൻ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഏറ്റെടുത്ത് ജനകീയമായി നടപ്പാക്കണണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കോട്ടയം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിൽ നടന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്‍റെ നിയമസഭാ മണ്ഡലതല അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഒരു ദിവസമോ ഒരാഴ്ചയോ നീളുന്ന ശുചീകരണ പരിപാടിയായല്ല മാലിന്യമുക്തം നവകേരളം പദ്ധതിയെ കാണേണ്ടത്. സ്ഥിരമായി നാടിനെ മാലിന്യമുക്തമാക്കാനുള്ള ബോധവത്കരണവും നിരന്തരപ്രവർത്തനവുമാണ് നടപ്പാക്കുക.
മാലിന്യം വലിച്ചെറിയാൻ പാടില്ലെന്നും എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തമാണെന്ന ബോധത്തിലേക്കും ആളുകളെ നയിക്കാനും പുതിയ മാലിന്യസംസ്‌ക്കരണ സംസ്‌ക്കാരം രൂപപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ വീടുകളിലേക്കും ഹരിതകർമസേനയുടെ പ്രവർത്തനം എത്തിക്കുകയാണ് ലക്ഷ്യം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥാപനങ്ങളും സംഘടനകളും ഓഫീസുകളും ഇതിൽ പങ്കാളികളാകണം. മാലിന്യം വലിച്ചെറിഞ്ഞിരുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം.
എൻ.എസ്.എസിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്‌നേഹാരാമം പദ്ധതി ഇതിന് ഉപയോഗപ്പെടുത്താം. പദ്ധതി വിജയകരമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ക്ലസ്റ്റർ തലം വരെ യോഗം ചേർന്ന് കർമപദ്ധതി തയാറാക്കി കൃത്യമായി നടപ്പാക്കണം. എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എ.മാരുടെ നേതൃത്വത്തിൽ മികച്ച സംഘാടനം ഇതിനായി നടത്തണമെന്നും മന്ത്രി പറഞ്ഞു. കാമ്പയിന്‍റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പരിശീലനം ആരംഭിച്ചു.
കോട്ടയം ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പ്രവർത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം നിയമസഭ മണ്ഡലങ്ങൾ നവംബർ ഒന്നിനകവും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ ജനുവരി ഒന്നിനകവും കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ മാർച്ച് 31നകവും സമ്പൂർണ മാലിന്യമുക്ത നിയമസഭ മണ്ഡലങ്ങളായി പ്രഖ്യാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലയിലെ വകുപ്പു മേധാവികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്തം നവകേരളം നിയമസഭ മണ്ഡലം തല കോ-ഓർഡിനേറ്റർമാർ, കൺവീനർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.