29 September, 2023 07:17:34 PM
കോട്ടയത്ത് ഒന്നേമുക്കാൽ കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി
കോട്ടയം: കോട്ടയത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ആസ്സാം സ്വദേശി ജൽ ഹക്ക് (25), പശ്ചിമബംഗാൾ സ്വദേശി അക്ബർ എസ്.കെ (23) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. എക്സൈസ് സംഘമെത്തുമ്പോൾ പ്രതികൾ കഞ്ചാവ് സഞ്ചികളിലാക്കി കൈമാറുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട ഉടൻ ചിതറിയോടിയ പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങൾ വർദ്ധി ച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണും, കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 8155 രൂപയും പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , ഇന്റെലിജൻസ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് കെ. നന്ദ്യാട്ട്, ഇന്റെലിജെൻസ് പ്രിവന്റീവ് ഓഫീസർ ബിജു പി.ബി, സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ ബിനോദ്, വിനോദ് കെ.എൻ,രാജേഷ് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, രജിത്ത് കൃഷ്ണ, പ്രശോഭ് എന്നിവർ പങ്കെടുത്തു.