26 September, 2023 02:28:48 PM


കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ: ബാങ്കിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം



കോട്ടയം: കോട്ടയം കുടമാളൂരിൽ ബാങ്കിന്‍റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണ്ണാടക ബാങ്കിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാങ്കിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലേറ് നടത്തി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസിന് പൊലീസുമായുള്ള ഉന്തിലും തള്ളിലും പരിക്ക് പറ്റി.

നാഗമ്പടം ബസ്റ്റാൻഡിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ ബാങ്കിനു മുന്നിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് പൊലീസ് പ്രതിരോധിച്ചതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉണ്ടായി. ഇതിനുശേഷം നാഗമ്പടത്ത് മൃതദേഹം എത്തിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ റോഡ് ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ബാങ്കിൻറെ വളപ്പിലേക്ക് കടന്നു.

തുടർന്ന് പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിക്കുന്നതിനിടെ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അതിനിടെ പ്രവർത്തകരെ തടയാൻ എത്തിയ ജെയ്ക് സി തോമസ് പൊലീസുമായുള്ള പിടിവലിയ്ക്കിടെ നിലത്ത് വീഴുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് നാഗമ്പടത്ത് ഗതാഗതം തടസപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് മഹേഷ് ചന്ദ്രന്‍റെയും ജില്ലാ സെക്രട്ടറി സുരേഷിന്‍റെയും ജില്ലാ കമ്മിറ്റിയംഗം റിജേഷ് കെ ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K