23 September, 2023 07:00:08 PM
'വൃത്തി'യിലൂടെ വൃത്തിയാകും ഏറ്റുമാനൂർ; ശുചീകരണത്തിൽ ലക്ഷം പേർ പങ്കാളിയാകും
കോട്ടയം: സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ പ്രഖ്യാപിക്കാനുള്ള 'വൃത്തി' കർമ്മപദ്ധതിയുടെ ഭാഗമായി ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആറു ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലുമായി ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന 'വൃത്തി' കർമ്മപദ്ധതിയുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റുമാനൂർ മണ്ഡലത്തെ മാലിന്യമുക്തമാക്കി പ്രഖാപിച്ച് കേരളത്തിലെ ആദ്യ സമ്പൂർണമാലിന്യമുക്ത നിയോജകമണ്ഡലമെന്ന പദവിയിലേക്ക് ഉയർത്താനാണ് 'വൃത്തി' കർമ്മപദ്ധതി ആവിഷ്‌ക്കരിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 30000 കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, മത-സമുദായിക സംഘടനകൾ, യുവജനസംഘടനകൾ, സഹകരണ ബാങ്കുകൾ, മഹാത്മാഗാന്ധി സർവകലാശാല, മെഡിക്കൽ കോളജ്, സ്‌കൂളുകൾ, കോളജുകൾ, അധ്യാപകർ, വിദ്യാർഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ആശവർക്കർമാർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ ഇതിൽ പങ്കാളികളാകും. ഹരിതകർമ്മസേനയുടെ സേവനം എല്ലാ വീടുകളിലും ലഭിക്കുന്ന കേരളത്തിലെ ആദ്യനിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂരിനെ മാറ്റും. വിവിധ ഗ്രാമപഞ്ചായത്തുകളും ഏറ്റുമാനൂർ നഗരസഭയും വിവിധ വകുപ്പുകളും സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം വിലയിരുത്തി.
'വൃത്തി' കർമ്മപദ്ധതിയുടെ ഭാഗമായി ഓരോ സ്ഥാപനങ്ങളും ഒരോദിവസവും നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതനുസരിച്ചുള്ള മുന്നൊരുക്കം സെപ്റ്റംബർ 30നകം പൂർത്തീകരിക്കണം. പദ്ധതിയുടെ നടത്തിപ്പിനായി വാർഡ്തലത്തിൽ സംഘാടകസമിതികൾ ചേരണമെന്നും പൊതുജനപങ്കാളിത്തത്തിന് നടപടികൾ സ്വീകരിക്കണമെന്നും എല്ലാ വീടുകളിലും നോട്ടീസുകളും ബോധവത്കരണ സാമഗ്രികളും എത്തിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ഗ്രാമസഭകൾ ചേർന്ന് പദ്ധതി ഫലപ്രദമായി നടപ്പാക്കാം.
ശുചീകരണം ഒക്‌ടോബർ ഒന്നുമുതൽ
ഒക്ടോബർ ഒന്നിന് മുഴുവൻ ജലാശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യും. ഇതോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയും പരിസരവും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. രണ്ടിന് വിപുലമായ ജനപങ്കാളിത്തത്തോടെ പൊതുനിരത്തിലെയും പൊതുഇടങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. തുടർന്ന് ഒരുമാസക്കാലം സമയബന്ധിതമായി ഓരോ മേഖലയിലെയും മാലിന്യനീക്കം നടക്കും. ഒക്ടോബർ ഏഴിന് ഓഫീസുകളിലെയും എട്ടിന് വാണിജ്യസ്ഥാപനങ്ങൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളിലെയും ശുചീകരണം നടക്കും. ശുചീകരിച്ച പൊതുസ്ഥലങ്ങളിൽ പൂന്തോട്ടം അടക്കം നിർമിക്കാനും പദ്ധതിയുണ്ട്. ഹരിതകർമ്മസേന ശേഖരിക്കാത്ത അജൈവ മാലിന്യങ്ങൾ വൃത്തി വോളിന്റിയർമാർ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഒക്‌ടോബർ 29ന് വാർഡുതല മാലിന്യമുക്ത പ്രഖ്യാപനം അതത് വാർഡംഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദുവിന് നൽകി വൃത്തി കർമ്മപദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്ജ് പടികര, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അഞ്ജു മനോജ്, അജയൻ കെ. മേനോൻ, വി.കെ പ്രദീപ് കുമാർ, ധന്യ സാബു, വിജി രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ബിനു ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, ഏറ്റുമാനൂർ മണ്ഡലം മാലിന്യമുക്ത കാമ്പയിൻ കൺവീനർ എ.കെ. ആലിച്ചൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
''പൊതുസ്ഥലങ്ങളും വീടും ഓഫീസുകളും എപ്പോഴും ശുചിയായി സൂക്ഷിക്കാനുള്ള പുതുസംസ്‌ക്കാരം വളർത്തിയെടുക്കാനാണ് 'വൃത്തി'യിലൂടെ ശ്രമിക്കുന്നത്. മാലിന്യം നീക്കിയ സ്ഥലത്തേക്ക് വീണ്ടും അവ വലിച്ചെറിയാതിരിക്കാനുള്ള മനോഭാവവും ശീലവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നിന് മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുന്നതോടെ തീരുന്നതില്ല 'വൃത്തി' കർമ്മപദ്ധതി. ഇതൊരു തുടർപദ്ധതിയാണ്. പരിസരം വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കാനുള്ള കാമ്പയിൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തുടരും'' എന്ന് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു.