21 September, 2023 04:33:07 PM


അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത- തമിഴ്നാട് വനംവകുപ്പ്



ചെന്നൈ: തമിഴ്നാട് മാഞ്ചോലയിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് അപ്പർകോതയാറിലേക്ക് മടങ്ങിപ്പോയ അരിക്കൊമ്പൻ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ്. ഈ സാഹചര്യത്തില്‍ നിരീക്ഷണവും ജാഗ്രതാ നിർദ്ദേശവും തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. 

അപ്പർകോതയാർ ഡാം പരിസരത്തെ അരിക്കൊമ്പന്‍റെ പുതിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിൽ നിന്ന് 25 കിലോ മീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്. 65 കിലോ മീറ്റർ അകലെയുള്ള നെയ്യാർ വന്യജീവി സങ്കേതത്തിൽ അരിക്കൊമ്പൻ എത്തില്ലെന്നും കേരള അതിർത്തിക്ക് എതിർ ദിശയിലാണ് സഞ്ചാരമെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.

രണ്ട് ദിവസമായി ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ ഇന്നലെയാണ് അപ്പർ കോതയാറിലേക്ക് മടങ്ങിപ്പോയത്. മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന കഴി‌ഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.

അതേസമയം, കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയായി നിരീക്ഷിച്ചത്. ചെങ്കുത്തായ മലനിരകൾ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റർ അകലെയുള്ള നെയ്യാറിൽ അരിക്കൊമ്പൻ എത്തില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിരീകരണം. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K