21 September, 2023 02:22:42 PM
ഭീമ കൊറേഗാവ് കേസ്: മഹേഷ് റാവുത്തിന് ജാമ്യം
മുംബൈ: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹേഷ് റൗത്തിന് അഞ്ചു വർഷത്തെ ജയിൽ വാസത്തിനു ശേഷം ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതി. ജസ്റ്റിസ്മാരായ എ.എസ്. ഗഡ്കരി, ശർമിള ദേശ്മുഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യം നൽകിയത്. എന്നാൽ എൻഐഎയുടെ ആവശ്യപ്രകാരം കോടതി ജാമ്യത്തിന് ഒരാഴ്ച സ്റ്റേ നൽകിയിട്ടുണ്ട്. 2018 ജൂണിലാണ് മഹേഷ് യുഎപിഎ പ്രകാരം അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് 16 പേരാണ് അറസ്റ്റിലായത്. കേസിൽ പിടിയിലായ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായിരുന്നു കവിയും എഴുത്തുകാരനുമായ മഹേഷ്. 2017 ഡിസംബറിൽ പൂനെയിൽ സംഘടിപ്പിച്ച എൽഗർ പരിഷദ് കോൺക്ലേവിന് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് എൻഐഎ ഇവരെ അറസ്റ്റ് ചെയ്തത്. കോൺക്ലേവിലെ പ്രസംഗങ്ങളാണ് അടുത്ത ദിവസം ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിനു മുന്നിൽ അതിക്രമം ഉണ്ടാകാൻ കാരണമെന്നും എൻഐഎ ആരോപിക്കുന്നുണ്ട്.