20 September, 2023 07:06:45 PM


ചട്ടം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം; വൈക്കം ചെമ്പ് പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന



വൈക്കം: ചട്ടം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ച സംഭവത്തിൽ വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന. തീരദേശ പരിപാലന നിയമം ലംഘിച്ച് പൂത്തോട്ടയ്ക്ക് സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് ഗ്രീന്‍ ലാന്‍ഡ് റിസോര്‍ട്ട് പണിതത് കെട്ടിടനിർമാണചട്ടം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി.  

തീരദേശത്തു നിന്ന് 50 മീറ്റര്‍ വിട്ട് വേണം കെട്ടിടങ്ങളും മറ്റും നിര്‍മിക്കാന്‍. എന്നാല്‍ റിസോര്‍ട്ട് നിര്‍മിക്കുന്ന ഇടം തീരദേശപരിധിയില്‍ ഉള്‍പെടുന്ന സ്ഥലമാണ്. പഞ്ചായത്തില്‍ നിന്നും കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും കെട്ടിടനിര്‍മാണം നടത്തി റിസോര്‍ട്ടായി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഏകദേശം 500 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുളള കെട്ടിടമാണ് പണിതിട്ടുളളത്. 

പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. 242 എന്ന സര്‍വേ നമ്പരിൽ പൂര്‍ണമായും തീരദേശ പരിപാലന ചട്ടത്തില്‍ ഉള്‍പ്പെട്ടുവരുന്ന ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കാരണവശാലും ലൈസന്‍സോ പെര്‍മിറ്റോ അനുവദിക്കാവുന്നതല്ല. 

എന്നാല്‍ അപേക്ഷ  നല്‍കിയ സമയം വേണ്ടത്ര പരിശോധന നടത്താതെ ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്ന് കെട്ടിടം നിര്‍മിക്കാനുളള പെര്‍മിറ്റ് നല്‍കിയിരുന്നു. ആ പെര്‍മിറ്റ് 100 സ്ക്വയര്‍ മീറ്റര്‍ കെട്ടിടം നിര്‍മിക്കാനുളളതായിരുന്നു. എന്നാല്‍ ആ പെര്‍മിറ്റ് കരസ്ഥമാക്കിയ ഉടമ തുടര്‍ന്ന് 356 സ്ക്വയര്‍ മീറ്റര്‍ കൂടി അധികരിച്ച്  കെട്ടിടം പണിതത് തീരദേശ പരിപാലന നിയമത്തിൽ ഉൾപ്പെടുന്ന സര്‍വേ നമ്പരില്‍ കൂടിയാണ്. 

കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരിശോധന കോട്ടയം വിജിലന്‍സ് എസ്പി വി.ജി. സുനില്‍കുമാറുടെ നിര്‍ദേശാനുസരണമായിരുന്നു. കോട്ടയം വിജിലന്‍സ് യൂണിറ്റ് ഇന്‍സ്പെക്ടര്‍  അന്‍സില്‍. ഇ.എസ്, ജയ്മോന്‍ വി.എം, പ്രസാദ്, രഞ്ജിനി കെ.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K