20 September, 2023 03:20:40 PM
ഉത്തര്‍പ്രദേശില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി
ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. ഇന്ത്യ' സഖ്യവുമായി അകന്നുനില്‍ക്കുന്ന മായാവതിയെയും അവരുടെ പാര്‍ട്ടിയായ ബിഎസ്പിയെയും അടുപ്പിക്കാനുള്ള ഇടപെടലുകള്‍ പ്രിയങ്ക നടത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നതായും അറിയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്കൊപ്പം ബിഎസ്പിയെയും ഒപ്പം നിര്‍ത്തിയാല്‍ യുപിയില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്നാണ് "ഇന്ത്യ'യുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുമായുള്ള സഖ്യം നേരത്തെ ബിഎസ്പി തള്ളിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിഎസ്പിയെ ഒപ്പം നിര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.
എന്നാല്‍, പ്രിയങ്കയുടെ നീക്കത്തിലൂടെ ബിഎസ്പിയെയും മായാവതിയെയും ഒപ്പം നിര്‍ത്താനാകുമെന്നാണു പ്രതീക്ഷ. അതേസമയം പ്രിയങ്ക-മായാവതി കൂടിക്കാഴ്ചയെക്കുറിച്ച് കോണ്‍ഗ്രസോ ബിഎസ്പി നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.