19 September, 2023 06:25:56 PM


മാലിന്യമുക്ത ഏറ്റുമാനൂരിനായി മന്ത്രി വാസവൻ; വൃത്തി - 2023ന് ഒക്ടോബർ ഒന്നിന് തുടക്കം



ഏറ്റുമാനൂർ: സമ്പൂർണ്ണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രഖ്യാപിക്കാനുള്ള കർമ്മപദ്ധതിയൊരുക്കി മന്ത്രി വി.എൻ വാസവൻ. ജനകീയപങ്കാളിത്തതോടെ കേരളത്തിലെ ആദ്യ സമ്പൂർണ്ണമാലിന്യമുക്ത നിയോജകമണ്ഡലം എന്ന പദവിയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, മത, സാമുദായിക സംഘടനകൾ, യുവജനസംഘടനകൾ, സഹകരണ ബാങ്കുകൾ, മഹാത്മാഗാന്ധി സർവ്വകലാശാല, മെഡിക്കൽ കോളേജ്, സ്‌കൂൾ, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ്, ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ഹരിതകർമ്മസേന, കുടുബശ്രീ, ആശവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ പിൻതുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ മുൻസിപ്പൽ, പഞ്ചായത്ത് തല ആലോചനയോഗങ്ങളും പദ്ധതി നിർവ്വഹണത്തിനുള്ള സമിതികളുടെ രൂപീകരണവും ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  വാർഡുതലത്തിലും ക്ളസ്റ്റർ തലത്തിലുമുള്ള സമിതികൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സമിതികൾക്കുള്ള ക്ളാസുകളും മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ആദ്യം മുതൽ മണ്ഡലത്തിലെ ശുചിത്വകാംപയിനായ വൃത്തി- 2023 ന്  തുടക്കമാവും.

ഒക്ടോബർ ഒന്നാം തീയതി മുഴുവൻ ജലാശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പരിപാടിയോടെയാണ് വൃത്തി ആരംഭിക്കുക. രണ്ടാം തീയതി  പൊതുനിരത്തിലെയും , പൊതു ഇടങ്ങളിലെയും മാലിന്യ നീക്കം നടത്തും. തുടർന്ന് ഒരു മാസക്കാലം സമയ ബന്ധിതമായി ഓരോ മേഖലയിലെയും മാലിന്യ നീക്കം നടത്തും. ഒക്ടോബർ 7 ന് ഓഫീസുകളിലെ ശുചീകരണം, 8 ന് വാണിജ്യസ്ഥാപനങ്ങൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളുടെ ശുചീകരണം എന്നിവ നടക്കും.
കോട്ടയം മെഡിക്കൽ കോളജിലെയും, മഹാത്മാഗാന്ധി സർവ്വകാലശാലയിലെയും ജീവനക്കാരും വിദ്യാർത്ഥികളും വൃത്തി-2023 കാംപയ്ൻ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു തീരുമാനമായിട്ടുണ്ട്.  

ഇതിനൊപ്പം ക്ളീൻ കേരള കമ്പനിയുമായി സഹകരിച്ച് ഹരിതകർമ്മസേന ശേഖരിക്കാത്ത മാലിന്യങ്ങൾ എല്ലാസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് നീക്കം ചെയ്യും.  വൃത്തി 2023 വോളന്‍റിയർമാർ ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ളീൻകേരള കമ്പനിക്ക് കൈമാറും. ഇതിനായി ഒരോ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. 

തിരുവാർപ്പ് പഞ്ചായത്തിലെ മാലിന്യശേഖരണം ഒക്ടോബർ 12-ാം തീയതിയാണ്, അയ്മനം 14, കുമരകം 16, ആർപ്പുക്കര 18, നീണ്ടൂർ 20, അതിരമ്പുഴ 22, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 23 എന്നീ ദിവസങ്ങളിൽ മറ്റിടങ്ങളിലെ മാലിന്യശേഖരണം നടക്കും. ഇങ്ങനെ സംഭരിക്കുന്ന മാലിന്യം ക്ളസ്റ്റർ കേന്ദ്രീകരിച്ച് സംഭരിച്ച് വയ്ക്കും. അവിടെ നിന്ന് ക്ളീൻ കേരളകമ്പനിയുടെ സഹായത്തോടെ അത് നീക്കം ചെയ്യും.

മാലിന്യ നീക്കവും സംസ്‌കരണവും നടക്കുന്നുണ്ടോ എന്നറിയുന്നതിനായി സോഷ്യൽഓഡിറ്റിങ്ങ്  വൃത്തി 2023ന്‍റെ ഭാഗമായി നടത്തും, അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും വാർഡ് തലത്തിലെ പ്രഖ്യാപനം. എല്ലാ വാർഡുകളിലെയും പരിശോധന പൂർത്തിയാക്കി മണ്ഡലത്തെ മാലിന്യമുക്തമാക്കുന്നിന്‍റെ പ്രഖ്യാപനവും നടത്തും . 

വൃത്തി- 2023 കേരളത്തിന് പുതിയ മാതൃക - മന്ത്രി വി എൻ വാസവൻ

 
നവംബർ 1 ന് ഏറ്റുമാനൂർ മാലിന്യമുക്തമാക്കി പ്രഖാപിക്കുന്ന രീതിയിലാണ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.  പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വീടുകളിലും ഹരിതകർമ്മ സേനയുടെ സേവനം എത്തിക്കും. നൂറുശതമാനവും ഹരിതകർമ്മസേന കവർ ചെയ്യുന്ന കേരളത്തിലെ ആദ്യനിയോജകമണ്ഡലം എന്ന പദവിയിലേക്ക് ഏറ്റുമാനൂരിനെ മാറ്റും. ആ നിരയിലേക്ക് ഏറ്റുമാനൂർ മണ്ഡലം  എത്തുന്നതോടെ പദ്ധതി നിർത്തുകയല്ല ഇതിന്‍റെ  തുടർപ്രവർത്തനങ്ങളും നടക്കുമെന്നും മന്ത്രി പറഞ്ഞു.

വൃത്തി-2023 കാപയ്ന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്ത്,  വാർഡ്, സ്‌കൂൾ, മികച്ച ഹരിത കർമ്മ സേന യൂണിറ്റ്, ഹരിതകർമ്മ സേനയുടെ 100 ശതമാനം കവറേജ് എത്തിയ വാർഡ് എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ടീമിനെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതി മോണിട്ടർ ചെയ്യുന്നതിനും , പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനായി പൊതുജനങ്ങൾക്കായി സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഇതിനായി പ്രത്യേക വാട്സാപ്പ് നമ്പരും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ലോകം അംഗീകരിച്ച സാക്ഷരതാ പ്രവർത്തനം വിജയകരമായി  നടത്തിയ നാടാണ് നമ്മുടേത് അതേ മാതൃകയിൽ മാലിന്യ സംസ്‌കരണത്തിനായി ഒന്നിച്ച് പ്രവർത്തിക്കുകയാണ് ഏറ്റുമാനൂർ. ഇതിൽ  എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K