19 September, 2023 03:15:55 PM


പുതിയ പാർലമെന്‍റിലെ ആദ്യ ബില്‍; വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു



ഡല്‍ഹി: വനിതാ സംവരണ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇതോടെ പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. അംഗങ്ങൾക്ക് ബില്ലിന്‍റെ ഹാർഡ് കോപ്പി നൽകാത്തതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നും പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല്‍ ആ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കി. ബില്ലിന്‍ മേലുള്ള ചർച്ച ഇന്ന് ഉണ്ടാകില്ല. ലോക്സഭ പിരിഞ്ഞു. നാളെയായിരിക്കും ബില്ലിന്‍മേലുള്ള ചർച്ച.

നാരിശക്തന്‍ വന്ദന്‍ എന്ന പേരില്‍ അവതിരിപ്പിച്ച ബില്‍ അനുസരിച്ച് ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്‍റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ നമ്മള്‍ എന്ത് ചെയ്യുന്നോ അത് രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും പ്രചോദനമാകണം. സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പാര്‍ലമെന്റിലെ മൂന്നില്‍ ഒന്ന് സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ കാബിനറ്റ് അനുമതി നല്‍കിയെന്നും പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K