15 September, 2023 07:49:24 PM


ഉടമ അറിയാതെ വാഹനം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ



വാകത്താനം : യുവാവിൽ നിന്നും വാഹനം കബളിപ്പിച്ചു വാങ്ങി മറ്റൊരാൾക്ക് പണയം നൽകി പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ (32), പനച്ചിക്കാട് കുഴിമറ്റം സദനം കവല ഭാഗത്ത് പണയിൽ വീട്ടിൽ  ജിഷ്ണു (28) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞമാസം 24ആം തീയതി വാകത്താനം പുത്തൻചന്ത വലിയപള്ളി ഭാഗത്ത് താമസിക്കുന്ന യുവാവിൽ നിന്നും ഷിനു കൊച്ചുമോൻ തന്റെ വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ഇന്നോവ കാർ യുവാവിനെ കൊണ്ട് വാങ്ങിയെടുത്തതിനുശേഷം,  ഷിനു കൊച്ചുമോനും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേർന്ന് ഈ വാഹനം പുളിക്കൽ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് പണയപ്പെടുത്തി വാഹനം തിരികെ നൽകാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു. 

യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു. ഷിനു കൊച്ചുമോന് കോട്ടയം ഈസ്റ്റ്,കോട്ടയം വെസ്റ്റ്,ചിങ്ങവനം,അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം, എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ മാരായ തോമസ് ജോസഫ്, സുനിൽ കെ.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K