13 September, 2023 01:00:12 PM
രാജസ്ഥാനില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
റാഞ്ചി: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. റാഞ്ചി സ്വദേശിയായ പതിനാറുകാരിയാണ് നഗരത്തിലെ ബ്ലേസ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജസ്ഥാനിലെ കോച്ചിംഗ് കേന്ദ്രമായ കോട്ടയില്‍ ഈ വര്‍ഷം ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. കോട്ടയിലെ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, എല്ലാ ഹോസ്റ്റല്‍ മുറികളിലും പേയിംഗ് ഗസ്റ്റ് സ്ഥലങ്ങളിലും സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഒഴിവാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയും നിര്‍ദ്ദേശം ആരാഞ്ഞിരുന്നു.
ജെഇഇ,നീറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കോട്ടയിലേക്ക് എത്തുന്നത്. പരീക്ഷാസമ്മര്‍ദ്ദം മൂലം ജില്ലയില്‍ 25 വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.