12 September, 2023 10:24:07 AM


ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവഴി തമിഴ്‌നാട്ടില്‍ വാഹനാപകടം; 7 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം



തിരുപ്പത്തൂര്‍: തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വാണിയമ്പാടിയിലാണ് സംഭവം. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിന്‍റെ ഭാഗത്തുണ്ടായിരുന്ന ഏഴ് സ്ത്രീകളാണ് മരിച്ചത്. മീര, ദേവനായി, സീതമ്മാള്‍, ദേവകി, സാവിത്രി, കലാവതി, ഗീതാഞ്ജലി എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ തിരുപ്പത്തൂര്‍ വാണിയമ്പാടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ട മിനി ബസില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തരധനസഹായമായി ഒരുലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അരലക്ഷം രൂപയും അനുവദിച്ചു.

ബംഗളൂരു- ചെന്നൈ ദേശീയ പാതയില്‍ വച്ച് മിനി ബസിന്‍റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിരുന്നു. യാത്രക്കാരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട ഡ്രൈവര്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K