08 September, 2023 11:27:15 PM
പാലാ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്: ഏജന്‍റ് പണവുമായി ഓടി രക്ഷപെട്ടു
പാലാ: പാലാ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിച്ച പരിശോധന സന്ധ്യകഴിഞ്ഞാണ് അവസാനിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് കൊണ്ടുവന്നതെന്ന് കരുതുന്ന 20,000 രൂപ രണ്ട് ഏജന്‍റുമാരില്‍നിന്നും പിടിച്ചെടുത്തു. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഗൂഗിള്‍ പേ വഴി പണം അയച്ചതിന്‍റെ വിവരങ്ങളും വനിതാ ജീവനക്കാര്‍ അടക്കം ഏജന്‍റുമാര്‍ മുഖേന പണം സമ്പാദിക്കുന്നതിന്‍റെ വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തി.
വിവിധ സേവനങ്ങള്‍ക്കായി അപേക്ഷകള്‍ മൊബൈല്‍ ഫോണിലൂടെയും മറ്റും അയച്ചു നല്‍കുകയും അതുപ്രകാരം ഓഫീസില്‍നിന്ന് വഴിവിട്ട് സേവനങ്ങള്‍ നല്‍കിവരുന്നതും അറിവായി. വനിതാജീവനക്കാരിക്ക് ഗൂഗിള്‍ പേ വഴി പണവും പിന്നാലെ സ്ക്രീന്‍ ഷോട്ടും അയച്ചതും പരിശോധനയില്‍ കണ്ടെത്തി.
വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടതോടെ ആര്‍ ടി ഓഫീസില്‍ ഉണ്ടായിരുന്ന ജിബിന്‍ എന്ന ഏജന്‍റ് ഒന്നാം നിലയില്‍നിന്നും അടുത്ത പറമ്പിലേക്ക് ചാടിയിറങ്ങി ഓടി രക്ഷപെട്ടു. ഈ സമയം ഇയാളുടെ പക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള പണവും ഉണ്ടായിരുന്നു. പാലായിലെ വിവിധ ഏജന്‍റുമാരില്‍നിന്നും പണം പിരിച്ച് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി എത്തിച്ചു നല്‍കുന്നതെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു എസ് ദാസ്, എസ്ഐ മാരായ സ്റ്റാന്‍ലി തോമസ്, സുരേഷ്കുമാര്‍ ബി, ജയ്മോന്‍ വി.എം, എഎസ്ഐമാരായ സുരേഷ് ബാബു, ബേസില്‍ പി ഐസക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ചന്ദ്, മനോജ്കുമാര്‍ വി.എസ്, രാജേഷ് ടി.പി., സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.