07 September, 2023 03:29:08 PM
15കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റ് ഭയന്ന് തൂങ്ങി മരിച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആഗ്രയിലാണ് സംഭവം നടന്നത്. അച്ഛന്‍റെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 15കാരിയെയാണ് മൂന്നംഗസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികളിലൊരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ചയാണ് 15കാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. അച്ഛന്‍റെ കടയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ ഒരാള്‍ തടഞ്ഞുനിര്‍ത്തുകയും സമീപത്തെ ഓട്ടോറിക്ഷയിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുമായിരുന്നു. തുടര്‍ന്ന് മൂന്നംഗസംഘം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി റോഡരികില്‍ അവശനിലയില്‍ കിടക്കുന്നതു കണ്ട പ്രദേശവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഷംഷാബാദ് സ്വദേശികളായ ഓട്ടോഡ്രൈവര്‍ രൂപേഷ്, കരുണ, ജഗദീഷ് എന്നിവര്‍ക്കെതിരേയാണ് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികളിലൊരാളായ ജഗദീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയാണെന്ന വിവരമറിഞ്ഞതോടെ അറസ്റ്റ് ഭയന്നാണ് ജഗദീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രതികരണം. കേസില്‍ ഒന്നാംപ്രതിയായ രൂപേഷിനെ അറസ്റ്റ് ചെയ്തു. മൂന്നാംപ്രതിയായ കരുണ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.