06 September, 2023 12:52:07 PM
സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു
സേലം: തമിഴ്‌നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരു വയസ്സുകാരിയടക്കം ആറുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ സേലം സംഗകിരിക്ക് സമീപമാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
സെല്‍വരാജ് (50), എം അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍ സഞ്ജന (1) എന്നിവരാണ് മരിച്ചത്. പളനിസ്വാമിയുടെ മകള്‍ ആര്‍ പ്രിയ (21), അറുമുഖന്റെ മകന്‍ വിക്കി എന്ന് പേരുള്ള വിഗ്‌നേഷ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അപകടത്തില്‍പ്പെട്ട കുടുംബം സേലത്ത് നിന്ന് ഈറോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒമ്നിയുടെ നിയന്ത്രണം നഷ്ടമായാതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.