28 August, 2023 11:11:03 PM
ഇനി ഇന്ത്യ സൂര്യനിലേക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം ശനിയാഴ്ച
ബംഗളുരു: ചരിത്രമായ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് പിന്നാലെ കൂടുതൽ ബഹിരാകാശ ദൗത്യത്തിലേക്ക് ഇന്ത്യ. സൂര്യനെക്കുറിച്ച് മനസിലാക്കാനുള്ള ആദ്യ പര്യവേക്ഷണമായ ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബർ രണ്ട് ശനിയാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ത്യൻ സമയം രാവിലെ 11.50നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. ഐസ്ആർഒ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആദിത്യ എൽ1 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഗ്യാലറിയിലിരുന്ന് നേരിട്ട് കാണാനാകും.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1 പര്യവേക്ഷണത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് ഇജക്ഷനുകളുടെ ആരംഭം എന്നിവയെക്കുറിച്ചും ആദിത്യ എൽ1 നിർണായക വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദിത്യ എൽ1 വിക്ഷേപണത്തിലൂടെ സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാലുള്ള പ്രത്യാഘാതത്തെക്കുറിച്ചും പഠിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ കഴിയും. ഏകദേശം 378 കോടി രൂപ ചെലവഴിച്ചാണ് ആദിത്യ എല്‍1 വിക്ഷേപണം നടത്തുന്നത്.