28 August, 2023 12:00:32 PM
മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. പത്തൊന്‍പതുകാരനായ യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി മര്‍ദിച്ചു.
ലാലു എന്ന നിതിന്‍ അഹിര്‍വാര്‍ ആണ് കൊല്ലപ്പെട്ടത്. 2019 ല്‍ സഹോദരി നല്‍കിയ പീഡന പരാതി പിന്‍വലിക്കണമെന്ന് കാണിച്ച് പ്രതികള്‍ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ സഹോദരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. പന്ത്രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് പിന്‍വലിപ്പിക്കാന്‍ കുറെപ്പേര്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്ന് 18കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതാണ് ആക്രമണത്തിനു കാരണമെന്നും അവര്‍ പറഞ്ഞു. "അവര്‍ അവനെ കുറേയേറെ മര്‍ദിച്ചു. മകന് അതൊന്നും അതിജീവിക്കാനായില്ല. വസ്ത്രങ്ങള്‍ ബലമായി വലിച്ചൂരി എന്നെ നഗ്‌നയാക്കി. സ്ഥലത്തെത്തിയ പൊലീസ് എനിക്കൊരു തോര്‍ത്ത് തന്നു. സാരി കിട്ടുന്നതുവരെ തോര്‍ത്തുടുത്ത് അവിടെ നില്‍ക്കുകയായിരുന്നു" കുട്ടികളുടെ അമ്മ വിശദീകരിച്ചു.
ആള്‍ക്കൂട്ടം വീട് പൂര്‍ണമായി നശിപ്പിച്ചെന്നും കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയതിനു ശേഷമാണ്, കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ കുടുംബം നടത്തിയത്.