26 August, 2023 03:54:19 PM
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും പൊലീസ് കസ്റ്റഡിയില്‍
മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. മുംബൈയിലാണ് സംഭവം. പെല്‍ഹാര്‍ പൊലീസിന്റേതാണ് നടപടി. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓഗസ്റ്റ് 21ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
റിയാസും ഭാര്യ മന്‍സൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മന്‍സൂറ അയല്‍പക്കത്തെ പലചരക്ക് കടയില്‍ ജോലി ചെയ്തും റിയാസ് മീന്‍ വില്‍പന നടത്തിയുമാണ് ജീവിച്ചിരുന്നത്. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മന്‍സൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മന്‍സൂറ വിവാഹമോചനം നേടിയിരുന്നു. ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിട്ടതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പണ്ഡിറ്റ് തന്റെ പരിചയക്കാരില്‍ ചിലരെ റിയാസിനൊപ്പം കോലം ബീച്ചിലേക്ക് വിനോദയാത്രയ്ക്ക് അയച്ചിരുന്നു. വൈകീട്ട് റിയാസിന്റെ മൃതദേഹവുമായി ടെമ്പോയില്‍ കയറി മടങ്ങുന്നതിനിടെ വാഹനാപകടത്തില്‍ റിയാസ് മരിച്ചതായാണ് ഇവര്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മന്‍സൂറയും ഗണേഷ് പണ്ഡിറ്റും ഗൂഢാലോചന നടത്തി റിയാസ് അലിയെ കൊലപ്പെടുത്തിയെന്ന് തെളിയുകയായിരുന്നു.