26 August, 2023 10:32:30 AM


ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം 'ശിവശക്തി പോയിന്‍റ്'; ശാസ്ത്രജ്ഞർക്ക് സല്യൂട്ടുമായി പ്രധാനമന്ത്രി



ബംഗ്ലൂരു: രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞന്മാരേയും ഐഎസ്ആർഒ ജീവനക്കാരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിരാഷ്ട്ര സന്ദർശനത്തിനു ശേഷം നേരെ ബംഗ്ലൂരുവിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്റോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് സെന്‍ററില്‍ ഒരുക്കിയ ചന്ദ്രയാന്‍ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലെത്തി ശാസ്ത്രജ്ഞരെ നേരിൽ കാണുകയായിരുന്നു.

ഐഎസ്ആർഒ സംഘം രാജ്യത്തെ ഉയരങ്ങളിലെത്തിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ സന്തോഷത്തിന്‍റെ നിമിഷങ്ങളാണിതെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരെ താൻ സല്യൂട്ട് ചെയ്യുന്നു. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നു നമ്മുടെ ശാസ്ത്ര സംഘത്തിനു ഉറപ്പായിരുന്നു. ഇന്ന് ഓരോ വീട്ടിലും ത്രിവർണ പതാക പാറുമെന്ന്. ചന്ദ്രനിലും നമ്മുടെ പതാകയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 23 ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി പോയിന്‍റ്' എന്നു പ്രധാനമന്ത്രി പേരിട്ടു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 

'ശിവശക്തി' പോയിന്‍റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനു ശാസ്ത്രം ഉപയോ​ഗിക്കാൻ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് പരമമായ പ്രതിബദ്ധത. ശിവശക്തി എന്നതിലെ ശക്തി സ്ത്രീ ശാസ്ത്രജ്ഞരുടെ പ്രചോദനം, ശാക്തീകരണം, കഠിനാധ്വാനം എന്നിവയിലൂടെ ഉരുത്തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രയാൻ രണ്ട് അതിന്‍റെ അവസാന കാൽപ്പാട് പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ഇനി 'തിരം​ഗ' എന്നു അറിയപ്പെടും. ഇന്ത്യയുടെ എല്ലാ ശ്രമങ്ങൾക്കും ഇതു പ്രചോദനമാകുമെന്നും ഒരു പരാജയവും അന്തിമമല്ലെന്നു അതു നമ്മെ ഓർമിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K