25 August, 2023 02:46:19 PM


കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി



ന്യൂഡല്‍ഹി: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിസി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിസിക്ക് ഇനിയുള്ളത് രണ്ട് വര്‍ഷം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയത്. മറ്റു അപേക്ഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിസി എച്ച് വെങ്കിടേശ്വരലുവിന്‍റെ നിയമനം ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സ്വദേശിയായ ഡോ. നവീന്‍ പ്രകാശ് നൗട്യാല്‍ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. വിസി നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്‍ഡ് സെലക്ഷന്‍ കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് ഇപ്പോഴത്തെ വിസിയെ നിയമിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

2019 ജൂണിലായിരുന്നു കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല വിസി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് ബിലാസ്പൂര്‍ ഗുരു ഗാസിദാസ് കേന്ദ്ര സര്‍വകലാശാല ചാന്‍സലറായ ഡോ. അശോക് ഖജാനന്‍ മോഡക് തലവനായി അഞ്ചംഗ സെര്‍ച്ച് കം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. 

വിസി സ്ഥാനത്തേക്കായി 223 പേരുടെ അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ നിന്നും 16 പേരുടെ പാനല്‍ തയ്യാറാക്കി. ഇതില്‍ നിന്ന് അഞ്ച് പേരുടെ അന്തിമ പട്ടിക കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് നല്‍കി ഈ പട്ടിക നിയമപ്രകാരം സര്‍വകലാശാലയുടെ വിസിറ്റാറായ ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുകയാണ് ചെയ്യുന്നത്. 

സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച അഞ്ച് പേരും കേന്ദ്ര സര്‍വകലാശാലയില്‍ നിയമിക്കപ്പെടാന്‍ യോഗ്യരല്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഈ പട്ടിക വിസിറ്റര്‍ തള്ളി. തുടര്‍ന്ന് വീണ്ടും അടുത്ത പട്ടിക സമര്‍പ്പിക്കാന്‍ സെര്‍ച്ച കമ്മറ്റിക്ക് നിര്‍ദേശം നല്‍കി. ഇതിന് ശേഷം പരിഗണിക്കേണ്ടത് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ബാക്കി പതിനൊന്ന് പേരെയായിരുന്നു.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തള്ളിയ 207 പേരില്‍ നിന്ന് 10 പേരുടെ പുതിയ പാനല്‍ തയ്യാറാക്കി. ഇതില്‍ ആദ്യം അപേക്ഷ തള്ളിയ ഇപ്പോഴത്തെ വി സി എച്ച് വെങ്കിടേശ്വരലുവിന്റെ പേരും ഉള്‍പ്പെടുത്തി. ഈ നടപടി യുജിസി ചട്ടവിരുദ്ധമെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K