23 August, 2023 07:09:11 PM
കാറും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ റോൾസ് റോയ്സ് കാറും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് ടാങ്കർ ലോറിയുടെ ഡ്രൈവറും സഹായിയും മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ട്രക്ക് ഡ്രൈവർ രാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് മരിച്ചത്.
ഹരിയാനയിലെ നുഹിൽ ഡല്‍ഹി -മുംബൈ-ബറോഡ എക്‌സ്‌പ്രസ് വേയിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. നാഗിന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമ്രി ഗ്രാമത്തിന് സമീപത്തായിരുന്നു അപകടം.
തെറ്റായ വശത്തിൽ എത്തിയ ടാങ്കർ ട്രക്ക് കാറുമായി ഇടിക്കുകയായിരുന്നു. ഇന്ധനവും സമയവും ലാഭിക്കാനാണ് ടാങ്കർ ഡ്രൈവർ തെറ്റായ ദിശയിൽ വാഹനമോടിച്ചത്. എന്നാൽ 120 കിലോമീറ്റർ വേഗതയിൽ എത്തിയ കാർ ടാങ്കറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടംശേഷം ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
എന്നാൽ മറ്റൊരു കാറിൽ പിന്നിലെത്തിയ ബന്ധുക്കൾ റോൾസ് റോയ്സിലെ അഞ്ച് യാത്രക്കാരെയും രക്ഷപ്പെടുത്തി. ചണ്ഡിഗഡ് സ്വദേശികളായ ദിവ്യ, തസ്ബീർ, ഡല്‍ഹി സ്വദേശി വികാസ് എന്നീ കാർ യാത്രികർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകട വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അസി. സബ് ഇൻസ്പെക്ടർ അശോക് കുമാർ പറഞ്ഞു.