23 August, 2023 12:36:46 PM
വ്യാജരേഖ ചമച്ച് ജോലി നേടി; സതിയമ്മക്കെതിരെ പരാതി നൽകി ലിജിമോള്‍
കോട്ടയം: ഉമ്മന്‍ചാണ്ടിയെ പുക്ഴ്ത്തി സംസാരിച്ചതിന് ജോലി നഷ്ടമായെന്ന ആരോപണമുയര്‍ത്തിയ സതിയമ്മക്കെതിരെ പരാതിയുമായി ലിജിമോൾ. ജില്ലാ പോലീസ് മേധാവിക്ക് ലിജിമോൾ പരാതി നൽകി. സതിയമ്മയെ കൂടാതെ ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെയും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ബിനുമോനെതിരെയും ലിജിമോൾ പരാതി നൽകി.
തന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ചാണ് അയല്‍വാസിയായ ലിജിമോള്‍ സതിയമ്മക്കെതിരെ പരാതി നല്‍കിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യപ്രശ്നമില്ലെന്നും രേഖകളിലെ ഒപ്പ് തന്‍റേതല്ലെന്നും പറഞ്ഞു.
അറിഞ്ഞത് മാധ്യമങ്ങളിലൂടെ
തന്‍റെ പേരില്‍ സതിയമ്മ ജോലി ചെയ്യുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ലിജിമോൾ. സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ചെന്നും തന്‍റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തന്‍റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ലിജിമോള്‍ വ്യക്തമാക്കി.
അതേസമയം കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പിഒ സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയത് ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ല, പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുംവനംവകുപ്പും പ്രതികരിച്ചിരുന്നു. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്.