16 August, 2023 03:01:09 PM
രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഈ മാസം നാലാമത്തെ മരണം
രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീഹാർ സ്വദേശി വാൽമീകി ജംഗിദ് എന്ന പതിനെട്ടുകാരനെയാണ് ഇന്നലെ രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ടയിൽ ഈ മാസം നടക്കുന്ന നാലാമത്തെയും ഈ വർഷത്തെ 22-ാമത്തെയും ആത്മഹത്യയാണിത്.
കഴിഞ്ഞ വർഷമാണ് ബിഹാറിലെ ഗയ സ്വദേശിയായ വാൽമീകി ജംഗിദ് പഠനാവശ്യാർത്ഥം കോട്ടയിലെത്തിയത്. ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. കോട്ടയിലെ മഹാവീർ നഗർ പ്രദേശത്താണ് ജംഗിദ് താമസിച്ചിരുന്നത്. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
അതേസമയം കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ വർഷം ഇതുവരെ 22 കോച്ചിംഗ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യകൾ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
കോട്ടയിൽ വിദ്യാർത്ഥികൾക്കായി ഹെൽപ്പ് ലൈൻ ഉൾപ്പെടെയുള്ള നിരവധി നടപടികൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പര്യാപ്തമല്ലെന്നാണ് ആവർത്തിച്ചുള്ള ആത്മഹത്യകൾ തെളിയിക്കുന്നത്.