16 August, 2023 11:44:01 AM


ഏറ്റുമാനൂരില്‍ അവിശ്വാസ പ്രമേയം തള്ളി; ചെയർപേഴ്സൺ ലൗലി ജോര്‍ജിന് ആശ്വാസം



ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ അവിശ്വാസപ്രമേയം തള്ളി. ചെയർപേഴ്സൺ ലൗലി ജോർജ് പടികരയ്ക്ക് ആശ്വാസം. യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് കോറം തികയാതെ തള്ളിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ 15 പേർ മാത്രമാണ് ഹാജരായത്.

യുഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ച് എൽഡിഎഫ് അംഗങ്ങളെ കൂടാതെ വൈസ് ചെയർമാൻ കെ.ബി ജയമോഹനും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബീന ഷാജിയും സുനിത ബിനീഷും  ചർച്ചക്ക് എത്തി. ഭരണ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ  ലൗലി ജോർജിനെതിരെ 12 കൗൺസിലർമാർ  ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

35 കൗൺസിലർമാരുള്ള നഗരസഭയിൽ 15 അംഗങ്ങളുടെ പിന്തുണയിലാണ് നിലവിൽ യുഡിഎഫ് ഭരിക്കുന്നത്. കോൺഗ്രസിന്‍റെ 11ഉം കേരള കോൺഗ്രസിന്‍റെ രണ്ടും രണ്ട് സ്വതന്ത്രരുടെയും പിന്തുണയിൽ 15 അംഗങ്ങളുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. പ്രതിപക്ഷത്ത് സിപിഎമ്മിന് - 9, കേരള കോൺഗ്രസ് (എം )ന് -2, സിപിഐ- 1, സ്വതന്ത്രൻ-1 എന്ന നിലയിലാണ് കക്ഷിനില. അവിശ്വാസത്തിന്‍റെ പശ്ചാത്തലത്തിൽ യുഡിഎഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K