15 August, 2023 03:40:07 PM
അടുത്ത തവണയും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ കാണുമെന്ന് മോദി
ന്യൂഡൽഹി: അടുത്ത തവണയും സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസംഗത്തിനിടെയാണ് മോദി ആത്മവിശ്വാസത്തോടെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സൂചന നൽകിയത്.
90 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ കുടുംബാംഗങ്ങളെ എന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നത്. അടുത്ത അഞ്ചു വർഷങ്ങൾ രാജ്യത്തിന്‍റെ സുവർണകാലഘട്ടമായിരിക്കുമെന്നും ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ തുടക്കം കുറിച്ചിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം താൻ തന്നെ നിർവഹിക്കുമെന്നും രാജ്യത്തിന്‍റെ നേട്ടങ്ങൾ അടുത്ത തവണ ചെങ്കോട്ടയിൽ ജനങ്ങൾക്കു മുന്നിൽ കൂടുതൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നിവയോടു പോരാടുക എന്നതാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് മോദി പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം വേണമെന്നും രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ്. പെണ്‍മക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേര്‍ കൊല്ലപ്പെട്ടു.
സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അധ്വാനിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു. കലാപം ആരംഭിച്ച് മൂന്നര മാസമായിട്ടും പാര്‍ലമെന്റില്‍പോലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതു വിവാദമായിരുന്നു.