14 August, 2023 10:48:31 AM


നീറ്റ് പരീക്ഷയിലെ തോൽവി: വിദ്യാർത്ഥിയും അച്ഛനും ജീവനൊടുക്കി



ചെന്നൈ:  തമിഴ്നാട്ടിൽ നിറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി. ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും  അച്ഛൻ സെൽവശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ  ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

അതേസമയം സംഭവത്തിന് പിന്നാലെ ഗവർണർ ആർ.എൻ.രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി. ഗവർണറുടെ ഹൃദയം  കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമർശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.

നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ. കുളം കലക്കി മീൻ പിടിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവർണർക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തി പുതിയ ബിൽ തയ്യാറാക്കിയതെന്നാണ് തമിഴ്നാട് സർക്കാരിന്‍റെ വാദം. എന്നാൽ കേന്ദ്ര നിയമത്തിൽ വരുത്തുന്ന ഭേദഗതിയായതിനാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എൻഡിഎ സഖ്യകക്ഷികൂടിയായ മുൻ എഐഎഡിഎംകെ സർക്കാർ അവതരിപ്പിച്ച സമാനമായ ബിൽ രാഷ്ട്രപതി തള്ളിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K