12 August, 2023 03:43:50 PM
അഴിമതിയെക്കുറിച്ച് സംസാരിക്കാൻ മോദിക്ക് കഴിയില്ല- മമത ബാനർജി
ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മണിപ്പൂരിൽ അതിക്രമം അഴിച്ചുവിടുന്നവർക്കെതിരെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഴിമതിയിൽ മുങ്ങി നിൽക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും മമത കുറ്റപ്പെടുത്തി.
ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ രാജ്യത്ത് അഴിമതിക്കെതിരെ സീറോ ടോളറൻസ് നയമാണ് നിലനിൽക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രതികരണം. രാജ്യത്ത് പാവപ്പെട്ട ജനങ്ങൾ ജീവിക്കണമെന്ന് ബിജെപിക്ക് താൽപ്പര്യമില്ലാത്തതിനാലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നതെന്ന് ടി.എം.സി അധ്യക്ഷ മമത ബാനർജി പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. ബിജെപി സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. പിഎം കെയർ ഫണ്ട്, റഫാൽ ഇടപാട്, നോട്ട് നിരോധനം തുടങ്ങിയ പ്രശ്നങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ പ്രധാനമന്ത്രിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും മമത പറഞ്ഞു.